16 October, 2022 10:25:53 PM
'നരബലി ഭവന സന്ദർശനം Rs.50': ബോര്‍ഡ് വെച്ച് ഓട്ടോ; വീടിനു മുന്നിൽ ഐസ്ക്രീം കച്ചവടം
പത്തനംതിട്ട: ഇലന്തൂരിലെ നരബലിയും തുടർന്ന് വരുന്ന വാർത്തകളിലും കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഭഗവൽസിംഗിന്റെ വീടിന് മുന്നിൽ മറ്റൊരു കാഴ്ച്ചയാണ്. നരബലിയെ കുറിച്ച് കേട്ടുകേൾവി മാത്രമുള്ള മലയാളികൾ അത് സംഭവിച്ചയിടത്തേക്ക് ഒഴുകുകയാണ്. അയൽജില്ലകളിൽ നിന്നും വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇലന്തൂരിലേക്ക് എത്തുകയാണ്.
രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ഭഗവൽസിംഗിന്റേയും ലൈലയുടേയും വീട് കാണാനുള്ള സന്ദർശക പ്രവാഹമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ. പ്രതികളുടെ വീട്ടിലേക്ക് പ്രത്യേക 'ഓട്ടോ സർവീസും' ഉണ്ട്. 'നരബലി ഭവന സന്ദർശനം 50 രൂപ' എന്നെഴുതിയ സ്റ്റിക്കർ പതിച്ച ഓട്ടോറിക്ഷയുടെ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഗിരീഷ് എന്ന ഓട്ടോ ഡ്രൈവറാണ് തന്റെ വാഹനത്തിന് മുന്നിൽ സ്റ്റിക്കർ പതിച്ചത്. ഇന്ന് ഞായറാഴ്ച്ചയായതിനാൽ എത്തുന്ന സന്ദർശകരുടെ എണ്ണവും കൂടി.
ഇന്ന് മാത്രം തനിക്ക് 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗിരീഷ് പറയുന്നത്. കേരളത്തിന്റെ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി വഴി ചോദിക്കുന്നത് കൊണ്ടാണ് താൻ സ്റ്റിക്കർ പതിച്ചതെന്ന് ഗിരീഷ് പറയുന്നു. കൂടാതെ വീടിന് അടുത്തെത്തുന്നവരെ കാത്ത് ഐസ്ക്രീം കച്ചവടവും ലോട്ടറി വിൽപനയും പൊടിപൊടിക്കുന്നുണ്ട്.