13 October, 2022 05:03:44 PM


കുട്ടികളെ മന്ത്രവാദത്തിന് ഉപയോ​ഗിച്ച ദമ്പതികൾ കസ്റ്റഡിയിൽ; പ്രതിഷേധവുമായി സംഘടനകൾ



പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ ദുർമന്ത്രവാദ കേന്ദ്രം നടത്തിപ്പുകാരായ ദമ്പതികൾ കസ്റ്റഡിയില്‍. മലയാപ്പുഴയിൽ മന്ത്രവാദ പൂജ നടത്തിയിരുന്ന വീട്ടിലേക്ക് പ്രതിഷേധവുമായി യുവജന സംഘടനകളുടെ പ്രവാഹം. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്ത് മന്ത്രവാദ കേന്ദ്രം നടത്തിവന്ന ശോഭന, ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തി പ്രതിഷേധിച്ചത്. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്. ഈ സ്ഥലത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു.

സംഭവത്തിൽ സമഗ്ര അന്വേഷണമെന്ന് എസ്‍പി സ്വപ്നിൽ മധ്കർ മഹാജൻ. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

ഇവരെ കസ്റ്റഡിയിലെടുക്കുന്നത് വരെ സമരം തുടരുമെന്നായിരുന്നു പ്രതിഷേധക്കാർ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷമായിരിക്കും തുടർ നടപടികൾ എടുക്കുക എന്നും പോലീസ് അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ഇത്തരത്തിൽ മറ്റു സ്ഥലങ്ങളിലും സമാന കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‍പി പറഞ്ഞു. 

കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K