26 September, 2022 05:26:04 AM
പുനര്‍വിവാഹപ്പരസ്യത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍
കോഴഞ്ചേരി: പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി. ആര്യയെയാണ് (36) കോയിപ്രം പോലീസ് അറസ്റ്റു ചെയ്തത്. പുല്ലാട് കടപ്ര സ്വദേശിയായ യുവാവ് നല്കിയ പുനര്‍വിവാഹ പരസ്യം കണ്ട് ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു ആര്യ.
തന്റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നു യുവാവിനെ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തുവെന്നാണ് കേസ്. 22,180 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കിയിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് കഴിഞ്ഞ ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിയ്ക്ക് പരാതി നല്കി.
കോയിപ്രം എസ്ഐ രാകേഷ് കുമാര്‍ പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തിയാണ് ആര്യയെ അറസ്റ്റു ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ആര്യ പറഞ്ഞിട്ടുള്ള വിവരങ്ങളെല്ലാം കളവാണെന്നു വ്യക്തമായി. പണം തട്ടിയെടുക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പറയുന്നു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര് വലയിലായിട്ടുണ്ടെന്നു സംശയമുള്ളതായും പോലീസ് പറഞ്ഞു.