10 September, 2022 07:27:32 PM
ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ മാറ്റമില്ലെന്ന് പള്ളിയോട സേവാ സംഘം
ആറന്മുള: ആറന്മുള ജലോത്സവം നാളെ നടക്കും. വള്ളംകളിക്ക് മാറ്റമില്ലെന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. ജലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ചെന്നിത്തലയില്‍ നിന്നും പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെടുകയും നാലോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വള്ളംകളി നടക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ കഴില്ലാത്തതിനാല്‍ ജലോത്സവം നടത്തുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു.
പള്ളിയോടം മറിഞ്ഞ് മരണം സംഭവിച്ചതില്‍ ചെന്നിത്തല കരക്കാരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സംഘം പറഞ്ഞു. ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാലാണ് വള്ളംകളി നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കില്ല. ആലപ്പുഴ അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യ (16), ചെറുകോല്‍ സ്വദേശി വിനീഷ് (37) എന്നിവരുടെ മൃതഹദേഹമാണ് കണ്ടെത്തിയത്. നാലോളം പേരെയാണ് കാണാതായത്. മറ്റു രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ചെന്നിത്തല സ്വദേശി രാഗേഷിനെയും ചെട്ടികുളങ്ങര സ്വദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമടക്കമുള്ള സംഘമാണ് തെരച്ചില്‍ തുടരുന്നത്. 65 ഓളം പേരാണ് പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതും അടിയൊഴുക്കുള്ളതുമാണ് അപകടത്തിനു കാരണമെന്നാണ് വിവരം.