08 September, 2022 09:57:59 PM
529 പ്രതികൾ, 522 കേസുകള്‍; എംഡിഎംഎ കേസ് കൂടുതൽ പത്തനംതിട്ട ജില്ലയിൽ
പത്തനംതിട്ട: ജില്ലയില്‍ ഈ വര്‍ഷം ഇതേവരെ പിടികൂടിയത് 40 കിലോ കഞ്ചാവ്. പോലീസ് 27.740 കിലോ കഞ്ചാവ് പിടികൂടിയപ്പോള്‍ എക്സൈസ് കണ്ടെത്തിയത് 12.869 കിലോ കഞ്ചാവ്. ഇതിനു പുറമേ എംഡിഎംഎ, എല്‍എസ്ഡി, നൈട്രോസെപാം ഗുളിക, ഹാഷിഷ് ഓയില്‍ എന്നിവ വേറെയും. ന്യൂജെൻ മയക്കുമരുന്ന് വിപണനം പെരുകുന്നതിനിടെ സംസ്ഥാനത്തുതന്നെ ഏറ്റവുമധികം എംഡിഎംഎ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും പത്തനംതിട്ടയിലാണ്. പോലീസ്, എക്സൈസ് എന്നിവര്‍ വെവ്വേറെ രജിസ്റ്റര്‍ ചെയ്തത് 522 കേസുകള്‍. അറസ്റ്റിലായത് 529 പ്രതികള്‍.
ഇതരസംസ്ഥാനങ്ങളില്‍നിന്നാണ് ജില്ലയിലേക്കു ലഹരി ഒഴുകുന്നത്. കഞ്ചാവ്, മയക്കുമരുന്ന് കേസുകള്‍ ജില്ലയില്‍ കുതിച്ചുയരുകയാണ്. കഞ്ചാവുമായി 70 കേസുകളിലായി 72 പേരെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. 36 ഗ്രാം ഹാഷിഷ് ഓയിലും ഒരു കഞ്ചാവ് ചെടിയും പിടികൂടി. ഇക്കാലയളവില്‍ 365 കേസുകളിലായി 372 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും പോലീസിന്റെ കണക്ക്. എക്സൈസ് വിഭാഗം ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 157 മയക്കുമരുന്ന് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 146 പേരെ അറസ്റ്റ് ചെയ്തു.
12.869 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 440 മില്ലിഗ്രാം എംഡിഎംഎയും 1.16 ഹാഷിഷ് ഓയിലും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഇതിനു പുറമേ രണ്ട് കഞ്ചാവ് ചെടിയും സംഘം പിടിച്ചെടുത്തിരുന്നു. 1,046 അബ്കാരി കേസുകളില്‍ 956 പേരുടെ അറസ്റ്റുകളാണ് ഒാഗസ്റ്റ് വരെ ജില്ലയില്‍ രേഖപ്പെടുത്തിയിരുന്നത്. 73.75 ലിറ്റര്‍ ചാരായവും 7265 ലിറ്റര്‍ വാഷും 1,856 ലിറ്റര്‍ വിദേശമദ്യവും 213 ലിറ്റര്‍ ബിയറും എക്സൈസ് പിടികൂടി. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച നാലും അബ്കാരി കേസുകളില്‍ 15 വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് പോലീസ് പറയുന്നത്. പുകയും മണവുമെല്ലാം പുതിയ തലമുറയെ കഞ്ചാവില്‍ നിന്നകറ്റി. എളുപ്പത്തില്‍ ഒളിപ്പിക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് അപകടകാരികളായ സിന്തറ്റിക് ലഹരിക്കു പിന്നാലെയാണ് ഇപ്പോൾ യുവതലമുറ. ജില്ലയില്‍ കഞ്ചാവിന്റെ ആവശ്യക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബംഗളൂരുവില്നിന്നെത്തിക്കുന്ന എംഡിഎംഎയ്ക്കാണ് ആവശ്യക്കാര്‍ ഏറെയും.
പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ല, പരിശോധനകളില്‍ പിടിക്കപ്പെടാതെ രക്ഷപ്പെടാം എന്നിങ്ങനെ ലഹരിയുടെ ലോകത്തേക്കു യുവാക്കളെ എത്തിക്കാന്‍ അപകടകരമായ കാരണങ്ങള്‍ പലതുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യംവച്ചാണ് മയക്കുമരുന്ന് ലോബിയുടെ പ്രവർത്തനം. വിദ്യാർഥികൾതന്നെയാണ് പലേടത്തും വില്പനയുടെ മുഖ്യകണ്ണികളായി മാറുന്നതെന്നതും ശ്രദ്ധേയം. പെൺകുട്ടികളടക്കം ഉപയോക്താക്കളായി മാറുന്നുവെന്ന റിപ്പോർട്ടുകൾ പോലീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിച്ചിട്ടുണ്ട്.