05 September, 2022 06:17:55 PM
നായയുടെ കടിയേറ്റ് മരിച്ച പന്ത്രണ്ടുകാരിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം
പത്തനംതിട്ട: നായയുടെ കടിയേറ്റ് മരിച്ച പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിനി അഭിരാമി(12)ക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചു. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
അതിനിടെ കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഈ വെള്ളിയാഴ്ച പരിഗണിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. സുപ്രിം കോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹർജിക്കാരൻ അറിയിക്കുകയായിരുന്നു. പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകൻ കോടതിയെ അറിയിച്ചു.