25 August, 2022 09:08:08 AM


പതിനാറുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച പതിനെട്ടുകാരൻ പിടിയിൽ



പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പതിനെട്ടുകാരനെ പോലീസ് പിടികൂടി. തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്നുവിളിക്കുന്ന സൂരജ് (18) ആണ് പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിലെത്തി കാമുകിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടില്‍ എത്തിക്കുകയായിരുന്നു. കുട്ടിയെ കാണാന്‍ ഇല്ല എന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം ലഭിക്കുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്. പിന്നീട് കുട്ടിയെ കോഴഞ്ചേരി വണ്‍ സ്റ്റോപ്പ്‌ സെന്ററില്‍ പാര്‍പ്പിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K