12 August, 2022 10:10:39 PM
കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന്
പത്തനംതിട്ട : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ കല്ലേലി കാവ് ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ എൻ. നവനീതിന്. പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി നാടൻ പാട്ട് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നവനീത് കനൽ പാട്ട്ക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ അംഗവും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാണ്.
കേരള സാംസ്ക്കാരിക വകുപ്പ് കേരള ലോക്ഫോര്‍ അക്കാഡമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഇലന്തൂര്‍, വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ്. നാടന്‍ പാട്ടുകളുടെയും നാട്ടു കലകളുടെയും പ്രചരണാര്‍ത്ഥം പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ആദ്യമായി വായ്മൊഴി പത്തനംതിട്ട എന്ന സമിതി രൂപീകരിച്ചു . നൂറുകണക്കിന് കുട്ടികളെ നാടന്‍ പാട്ട് പരിശീലിപ്പിക്കുന്നു . ഇന്ത്യയിലും പുറത്തും നൂറുകണക്കിന് വേദികളില്‍ നാടന്‍ പാട്ടും നാട്ടു കലകളും കൊട്ടി പാടുകയും കെട്ടിയാടുകയും ചെയ്യുന്ന എന്‍ നവനീത് നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2022 ആഗസ്റ്റ് മാസം 21 ന് രാവിലെ പത്ത് മണിയ്ക്ക് കല്ലേലി കാവിൽ വെച്ച് പ്രതിഭാ പുരസ്‌കാരം സമർപ്പിക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു