25 June, 2022 06:52:08 PM
സ്റ്റാഫ് പ്രതി; മന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് കരിങ്കൊടി കാണിച്ചത്. പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കലിലെ മന്ത്രിയുടെ വീടിനു സമീപത്താണ് കരിങ്കൊടി കാണിച്ചത്.
മന്ത്രിയുടെ വാഹനം വീട്ടിൽ നിന്നിറങ്ങിയതിനു തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.ജി.കണ്ണന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് ജി.മനോജ് എന്നിവര്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ പ്രതി ചേര്‍ത്തതിനു പിന്നാലെ മന്ത്രിക്കു കര്‍ശന സുരക്ഷയൊരുക്കിയിരുന്നു.
എസ്എഫ്‌ഐ വയനാട് മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ അവിഷിത്ത് കെ. ആറിനെയാണ് പ്രതിചേര്‍ത്തത്. ഇയാളെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പോലീസിനു മേല്‍ വന്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. ഈ മാസം ആദ്യം മുതല്‍ ഇയാള്‍ പേഴ്‌സണല്‍ സ്റ്റാഫംഗം അല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ജോലിയില്‍നിന്നു മാറി നില്‍ക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു