09 May, 2022 07:17:41 PM
ഫോണ്‍ സ്വിച്ച് ഓഫ് ആക്കി കെ സ്വിഫ്റ്റ് ഡ്രൈവറും കണ്ടക്ടറും മുങ്ങി; നടപടിക്ക് ശുപാർശ
പത്തനംതിട്ട: പത്തനംതിട്ട ഡിപ്പോയില്‍ നിന്നും കഴിഞ്ഞ ദിവസം കെ സ്വിഫ്റ്റ് ബസ് പുറപ്പെടാന്‍ വൈകിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എടിഒ സംഭവത്തില്‍ മാനേജ്മെന്റിനോട് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജീനക്കാര്‍ സ്ഥാപനത്തിന് അപകീര്‍ത്തി വരുത്തുകയും ജോലിയില്‍ വീഴ്ച്ച വരുത്തിയാതായും എടിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരാണ് ഡ്രൈവറും കണ്ടക്ടറും ഡ്യൂട്ടിക്ക് വരാതിരുന്നതോടെ കുടുങ്ങിയത്. നാല് മണിക്ക് ഇവർ ഡ്യൂട്ടിയിൽ കയറേണ്ടതായിരുന്നെങ്കിലും ഇരുവരും വന്നില്ല. ബസ് ജീവനക്കാരെ കാണാതായതോടെ ഉദ്യോഗസ്ഥർ ഇവരുടെ ഫോണുകളിലേക്ക് വിളിച്ചെങ്കിലും ഇവ സ്വിച്ച് ചെയ്ത നിലയിലായിരുന്നു. ഇതോടെ പ്രകോപിതരായ യാത്രക്കാർ സ്റ്റാൻഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോവുകയായിരുന്ന ഉദ്യോഗാർത്ഥികളുൾപ്പെടെ 25ഓളംപേരാണ് ബസിൽ സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. ബസ് ഡിപ്പോയിൽ നിന്നും എടുക്കാൻ വൈകിയതോടെ ബസിൽ ടിക്കറ്റെടുത്ത് സീറ്റ് ബുക്ക് ചെയ്ത് മറ്റ് സ്റ്റാൻഡുകളിൽ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരും വലഞ്ഞു. ബസ് വൈകിയതിൽ പ്രതിഷേധിച്ച് ബഹളം വെച്ച യാത്രക്കാർ സ്റ്റാൻഡിൽ നിന്നും മറ്റ് ബസുകൾ പോകുന്നതും തടഞ്ഞതോടെ ഡിപ്പോ അധികൃതരും കുടുങ്ങി. ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാൻ തയാറായില്ല.
കെഎസ്ആർടിസി ബസ് ഡ്രൈവർമാർ സ്വിഫ്റ്റ് ബസ് ജീവനക്കാർ തന്നെ വണ്ടിയെടുക്കെട്ടെയെന്ന നിലപാടെടുത്തതോടെ യാത്രക്കാർ വഴിയാധാരമാകുന്ന സ്ഥിതിയുണ്ടായി. തുടർന്ന് ഡിപ്പോ അധികൃതർ പത്തനാപുരത്തെ ഡിപ്പോയിൽ ബന്ധപ്പെട്ടു. ഇവിടെ നിന്നും രണ്ട് പേർ വരാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന ബസ് എല്ലാ ബഹളങ്ങൾക്കും ശേഷം ഒടുവിൽ രാത്രി ഒമ്പതരയോടെയാണ് പുറപ്പെട്ടത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി വിശദീകരണം തേടിയിരുന്നു. അതേ സമയം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജോലിക്ക് എത്താഞ്ഞതെന്നാണ് ജീവനക്കാര്‍ നല്‍കിയരിക്കുന്ന വിശദീകരണം.