08 April, 2022 02:22:30 PM
'ഞാന്‍ മരിക്കുന്നു'; റിൻസിയുടെ ആത്മഹത്യകുറിപ്പ്: അമ്മയുടെയും മകളുടെയും മരണത്തിൽ ദുരൂഹത
പത്തനംതിട്ട: റാന്നിയിൽ വീടിനുള്ളിൽ അമ്മയേയും മകളേയും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവസ്ഥലത്തു നിന്ന് റിൻസിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. 'ഞാന്‍ മരിക്കുന്നു' എന്നു മാത്രമാണ് റിൻസി ആത്മഹത്യ കുറിപ്പിൽ കുറുച്ചിട്ടുള്ളത്.
ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയെങ്കിലും മരണ കാരണം വ്യക്തമാക്കാത്തത് തലവേദനയായിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഐത്തല മീൻമുട്ടി സ്വദേശി റിൻസിയെയും മകൾ ഒന്നര വയസ്സുകാരി അൽഹാനയെയും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ബന്ധുക്കള്‍ വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
മരണസമയത്ത് റിൻസിയും അൽഹാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിദേശത്താണ്. മരണത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.