01 April, 2022 10:59:44 AM
"ഞങ്ങളുടെ കളക്ടര്‍ പൊളിയാ": വിദ്യാര്‍ത്ഥികളോടൊപ്പം ഡാന്‍സ് കളിച്ച് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിഡിയോ വൈറല്‍. എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു കളക്ടറുടെ ഡാന്‍സ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് 'ഡാന്‍സ് വിഡിയോ.
കലോത്സവത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്‌ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കളക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. കലോത്സവത്തിന്‍റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കളക്ടര്‍. ഫ്‌ലാഷ് മോബിന്‍റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കളക്ടറും കൂടിയത്.
ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് എത്തി ദിവ്യ എസ് അയ്യര്‍ അവര്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കളക്ടര്‍ക്കൊപ്പം ഡാന്‍സ് കളിക്കാന്‍ കൂടി. സ്‌കൂള്‍ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കല്‍ സംഗീതം എന്നിവയില്‍ ഏറെ തിളങ്ങിയിട്ടുണ്ട്.