08 February, 2022 01:45:52 PM
ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്, കല്ലേറ്; നാട്ടുകാർ ഓടി രക്ഷപ്പെട്ടു
പത്തനംതിട്ട: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ യാത്രക്കാരും വ്യാപാരികളും ഓടി രക്ഷപ്പെട്ടു. വൈകുന്നേരം നാലോടെയാണ് നഗരത്തിലെ സ്കൂളിലെ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡില്‍ തമ്മിലടിച്ചത്. സ്റ്റാന്‍ഡിനു മുന്നില്‍ പ്രധാന കവാടത്തില്‍ നിന്നാരംഭിച്ച അടി യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്ന ഭാഗത്തേക്കും വ്യാപിച്ചു.
വിദ്യാര്‍ഥികള്‍ പരസ്പരം അസഭ്യം വിളികളും കല്ലേറും നടത്തി. ചിലര്‍ക്കു പരിക്കേറ്റതായും പറയുന്നു. കൈയിലിരുന്ന ഹെല്‍മെറ്റ് ഉ പയോഗിച്ചും അടി നടന്നു. ഇതെല്ലാം കണ്ടു വ്യാപാരികള്‍ കടകള്‍ക്കുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറി. വിദ്യാര്‍ഥികള്‍ തമ്മിലെ പ്രണയവും ബാഹ്യ ഇടപാടുകളുമൊക്കെ സംഘര്‍ഷത്തിനു കാരണമായി പറയുന്നുണ്ട്. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന സമയത്താണ് ബഹളം തുടങ്ങിയത്.
കഴിഞ്ഞയാഴ്ചയിലും സമാനവിഷയത്തില്‍ ബസ് സ്റ്റാന്‍ഡില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബസ് സ്റ്റാന്‍ഡില്‍ രണ്ടാഴ്ചയായി സ്ഥിരം സംഘര്‍ഷം നടക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡ് അക്രമികളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിളയാട്ട കേന്ദ്രമായിട്ടും പോലീസ് നടപടി ഉണ്ടായിട്ടില്ല. സംഘര്‍ഷം കഴിഞ്ഞു സ്ഥലത്ത് എത്തുന്നത് പോലീസിന്റെ സ്ഥിരം ശൈലിയായി മാറിയെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
നിരന്തരം സംഘര്‍ഷ സ്ഥലമായിട്ടും പത്തനംതിട്ട സ്റ്റാന്‍ഡില്‍ പോലീസിനെ സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. പകല്‍ മുഴുവന്‍ കഞ്ചാവ് മാഫിയ ബസ് സ്റ്റാന്‍ഡ് കെട്ടിടങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ സംഘര്‍ഷവും പതിവായതോടെ സ്റ്റാന്‍ഡിലേക്കു യാത്രക്കാര്‍ക്കു കടന്നുവരാനാകാത്ത സാഹചര്യമാണ്.