05 February, 2022 01:09:10 PM
സ്ത്രീധനപീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
പത്തനംതിട്ട: സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമ്മുവാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല എം.ജി.ഭവനില്‍ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീധന-ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ജനുവരി 31നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയില്‍ ബാബുവിന്റെയും സതിയുടെയും മകള്‍ അമ്മുവിനെ (21) ഭര്‍തൃവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജിജിയും മാതാപിതാക്കളും അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. 5 ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ നല്‍കിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.