03 December, 2021 04:19:21 PM


'കണ്ണന് കുസൃതി അല്‍പം കൂടി': ശംഖ് വിഴുങ്ങിയ ആനക്കുട്ടിയെ രക്ഷിച്ച് ഡോക്ടര്‍മാര്‍



കോന്നി:  കുസൃതി ഇച്ചിരെ കൂടിപ്പോയത് കോന്നി ആനക്കൊട്ടിലിലെ ഒരു വയസുകാരനായ കണ്ണന് ജീവന് തന്നെ പ്രശ്‌നമായി മാറി. കഴുത്തില്‍ കെട്ടിയ ശംഖാണ് കണ്ണന് പ്രശ്‌നമായത്. ശംഖ് തൊണ്ടയില്‍ കുരുങ്ങി ഭക്ഷണം ഛര്‍ദിച്ചു കളയുന്ന അവസ്ഥയിലായിരുന്നു കണ്ണന്‍. വെറ്റിനറി ഡോക്ടര്‍മാരുടെ പരിശ്രമം കൊണ്ടാണ് കണ്ണന് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ഡോ. അജിത് പിള്ള പങ്കുവെച്ച കുറിപ്പിലാണ് കണ്ണന്റെ ചികിത്സയെക്കുറിച്ച് പറയുന്നത്.

ഡോ. അജിത് പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

"കുസൃതി എന്നുവച്ചാല്‍ ഇങ്ങനെയുണ്ടോ ഒന്ന്. എത്ര പേരുടെ അധ്വാനവും പ്രാര്‍ഥനയും കാരണമാണ് ഈ കുസൃതി ഇന്നും നിലനില്‍ക്കുന്നത്. രണ്ടാഴ്ച മുന്‍പാണ്, ഒരു വൈകുന്നേരം കോന്നി ആനക്കൊട്ടിലില്‍നിന്നും ഡോ. ശ്യാമിന്റെ ആശങ്ക നിറഞ്ഞ ഒരു വിളി ഫോണില്‍ എത്തുന്നത്. അവിടത്തെ ഏറ്റവും ജൂണിയര്‍ അംഗം, ഒരു വയസ്സുള്ള കണ്ണന്‍ എന്ന ആനക്കുട്ടി അവന്റെ പാപ്പാന്‍ സ്‌നേഹപൂര്‍വം കഴുത്തില്‍ കെട്ടിക്കൊടുത്ത ശംഖ് വിഴുങ്ങി. മാത്രമല്ല അത് കഴുത്തില്‍ കുടുങ്ങി എന്തു കഴിച്ചാലും ഛര്‍ദ്ദിച്ചു പോകുന്ന അവസ്ഥയും. ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അപകടമാകുമെന്ന് ഡോ. ശ്യാം പറഞ്ഞു.

പിന്നെ ഒന്നും ആലോചിച്ചില്ല, ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍നിന്നും അന്ന് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഡോ. സജയ്, ഡോ. സിബി, ഡോ. റെജിന്‍ എന്നിവരുള്‍പ്പെടെ ഒരു പോക്ക് അങ്ങ് പോയി. പോകുന്ന വഴി ഞങ്ങള്‍ സഞ്ചരിച്ച വണ്ടിയുടെ പിന്നില്‍ മറ്റൊരു വണ്ടി വന്നിടിച്ചു കുറച്ചു നേരം പോലിസ് സ്റ്റേഷനിലും ചെലവഴിക്കേണ്ടി വന്നു. എന്തായാലും വൈകിയാണെങ്കിലും കോന്നിയിലെത്തി.

മയക്കിയ ശേഷം വായ തുറന്ന് കൈ അകത്തേക്കിട്ട് ശംഖ് എടുക്കാന്‍ ശ്രമിച്ചെങ്കിലും കയ്യെത്തുന്നതിനപ്പുറത്തായിരുന്നു അത്. അടുത്ത വഴി ശസ്ത്രക്രിയ തന്നെ. ഒട്ടും അമാന്തിച്ചില്ല, മുന്നേ ആനയില്‍ അത്തരം ഒരേ ഒരു ശസ്ത്രക്രിയ മാത്രമേ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു എന്ന് മനസ്സിലാക്കിയിട്ടും അത് ചെയ്യാന്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുത്തു. ഡിഎഫ്ഒ ശ്യാം മോഹന്‍ലാലും റേഞ്ച് ഓഫീസര്‍ ജോജിയും പൂര്‍ണ പിന്തുണ നല്‍കി.

തൊണ്ടയില്‍ ഉടക്കി ഇരുന്ന ശംഖ് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഓപ്പറേഷന്‍ വഴി ആമാശയത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മയക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ തന്നെ ചുറ്റുമുള്ളതെല്ലാം വാരി വലിച്ചു തിന്നാനും തുടങ്ങി. ഞങ്ങളുടെ അടുത്ത ആശങ്ക ഇതെങ്ങാനും ഇനി കുടലില്‍ തങ്ങുമോ എന്നായിരുന്നു. എന്തായാലും ദിവസങ്ങള്‍ നീണ്ട മരുന്നുകള്‍ക്കൊടുവില്‍ ഇന്നലെ ആ സന്തോഷവാര്‍ത്ത കോന്നിയില്‍ നിന്നും എത്തി. ആ ശംഖ് പിണ്ടത്തോടൊപ്പം പുറത്തു വന്നിരിക്കുന്നു.

ഇനിയും ഇതുപോലുള്ള കുസൃതികള്‍ കണ്ണന്‍ കാട്ടാതിരിക്കട്ടെ."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K