28 November, 2021 11:31:19 AM
കാറിന്‍റെ ഡോറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 65 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
കൊല്ലം: വാഹനപരിശോധനയ്ക്കിടെ 65 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആന്ധ്ര സ്വദേശികളായ ഹരിബാബു(40), ചെമ്പട്ടി ബ്രമ്മയ്യ (35) എന്നിവരാണ് പൊലീസ് പിടിയിലായത്. തെന്മല കോട്ടവാസല്‍ ഭാഗത്ത് തെന്മല എസ്.ഐ ഡി.ജെ. ശാലുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച വാഹനമെത്തുന്നത്.
വാഹനത്തിന്‍റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പൊലീസിന് സംശയമുണ്ടാക്കി. കാറിന്‍റെ പിന്‍ഭാഗത്ത് സ്‌ക്രൂഡ്രൈവറും ഡോറില്‍ നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡോര്‍ അഴിച്ചു പരിശോധിച്ചതോടെ ഡോറിന്‍റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തുകയായിരുന്നു.