31 August, 2023 02:23:21 PM
പെട്രോള്‍ പമ്പില്‍ വാക്കുതര്‍ക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: ചിതറ പെട്രോള്‍ പമ്പില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ദര്‍പ്പക്കാട് ബൈജു മന്‍സിലില്‍ സെയ്താലി (34)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണ് സംഭവം.
കടയ്ക്കലില്‍ നിന്ന് കാറില്‍ ചിതറ പെട്രോള്‍ പമ്പില്‍ എത്തിയ അഞ്ചുപേരടങ്ങുന്ന സംഘം 500രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ഈ സമയം വാഹനത്തിനകത്ത് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്ത് കാറിനകത്ത് നിന്ന് സെയ്താലിയെ തള്ളി താഴെ ഇടുകയും പെട്രോള്‍ പമ്പിലെ തറയോട് എടുത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിനുശേഷം രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ബാക്കി രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചിതറ പൊലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാര്‍ സെയ്താലിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിയായ ഷാജഹാന്‍, ആനപ്പാറ സ്വദേശി നിഹാസ് എന്നിവരാണ് ചിതറ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. കാറില്‍ രക്ഷപ്പെട്ട മറ്റു രണ്ട് പ്രതികളായ ഷാന്‍, സഹോദരന്‍ ഷെഹിന്‍ എന്നിവരെ ഏനാത്ത് പൊലീസ് പിടികൂടി.