27 July, 2023 01:15:31 PM


വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍



പരവൂര്‍: സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസില്‍ സീരിയല്‍ താരമായ അഭിഭാഷകയും ആണ്‍സുഹ്യത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂര്‍ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. 

പരാതിക്കാരനായ 75കാരനില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതല്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു പൊലീസിന്‍റെ നടപടി.

വീട് വാടകയ്ക്ക് ആവശ്യപ്പെട്ട് നിത്യ വയോധികനെ ബന്ധപ്പെട്ടു. ഫോണിലൂടെ നിരന്തരമുള്ള സംഭാഷണം സൗഹൃദമായി. ഇതിനിടെ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് നിത്യ വയോധികനെ വിളിച്ചുവരുത്തി. വീട്ടില്‍ വെച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തു. 

പ്രതികള്‍ മുന്‍ നിശ്ചിയിച്ച പ്രകാരം നിത്യയുടെ ആണ്‍ സുഹൃത്ത് വീട്ടിലെത്തി. ഇരുവരുടേയും ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെട്ടുത്തി. തുടര്‍ന്ന് ഇരയില്‍ നിന്ന് 11 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു.

പണം ആവശ്യപ്പെട്ട് സീരിയല്‍ നടിയും ആണ്‍സുഹൃത്തും നിരന്തരം ഇരയെ ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ നയോധികന്‍ ജൂലൈ 18ന് പരവൂര്‍ പൊലീസില്‍ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. 

ഇതറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി. പരവൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പണം നല്‍കാമെന്ന് പറഞ്ഞ് ഇവരെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K