18 October, 2023 11:27:33 AM


സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍റെ മകൻ വീട്ടിൽ മരിച്ച നിലയിൽ



കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിജു രാധാകൃഷ്ണന്‍റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരൻ.

മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ കൊല്ലം തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോംപൗണ്ടില്‍ ശ്രീലതിയില്‍ ആയിരുന്നു യദു പരമേശ്വരൻ താമസിച്ചിരുന്നത്. ഹരി പരമേശ്വരൻ ആണ് സഹോദരൻ. യദുവിന്‍റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യയും യദുവിന്‍റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസില്‍ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി പിന്നീട് ബിജു രാധാകൃഷ്ണനെ വിട്ടയച്ചു. രശ്മി കൊലക്കേസിൽ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടത് പിന്നീട് സുപ്രീം കോടതി ശരിവെച്ചിരുന്നു. ബിജു കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K