09 September, 2023 12:27:02 PM
കൊല്ലത്ത് സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ സ്‌നേഹ നഗര്‍ കാവുങ്ങല്‍ പടിഞ്ഞാറ്റതില്‍ ഉണ്ണിയെന്ന ഗിരികുമാര്‍ (57), അയത്തില്‍ ആരതി ജംഗ്ഷന്‍ സുരഭി നഗര്‍-171 കാവുംപണ വയലില്‍ വീട്ടില്‍ ചാക്കോ എന്ന അനിയന്‍കുഞ്ഞ് (56) എന്നിവരെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെ അയത്തില്‍ പുളിയത്തുമുക്ക് പവര്‍ ഹൗസിനടുത്തുള്ള കരുത്തര്‍ മഹാദേവര്‍ ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്.
കുളക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ അനിയന്‍കുഞ്ഞ് കുളത്തില്‍ വീഴുകയായിരുന്നുവെന്നും ഗിരികുമാര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്നുമാണ് വിവരം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പരിസരത്തെ വീട്ടിലെ സിസിടിവിയില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപകടവിവരം പുറത്തറിഞ്ഞത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളില്‍നിന്നു പുറത്തുപോയ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു.