18 June, 2016 03:04:41 PM
അപകടത്തില്‍ പെട്ട ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറും മുമ്പ് നിയന്ത്രണം വിട്ട ബസില്‍നിന്ന് ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചുപോയിരുന്നു.
നെയ്യാറ്റിന്‍കരയില്‍നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസാണ് രാവിലെ 7.30 ഓടെ അപകടത്തില്‍പ്പെട്ടത്. എതിരെവന്ന മിനിലോറിയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട് പമ്പിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. പമ്പിന്റെ വാതിക്കല്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് ബസ് നിന്നത്.
പെട്രോള്‍ ബങ്കറിനോട് ചേര്‍ന്നാണ് ബസ് നിന്നത്. ലോറിയില്‍ ഇടിച്ച് ബസിന്റെ ദിശ മാറ്റിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മിനി ലോറി ഡ്രൈവര്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് ഗുരുതര പരുക്ക്.