30 October, 2021 11:01:29 AM


ജലനിരപ്പ് പരമാവധി ശേഷിയിലേക്ക്; കക്കി ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തി



പത്തനംതിട്ട : കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് , മൂന്ന് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഇരു ഷട്ടറുകളും 30 സെന്റീ മീറ്റർവരെ ഉയർത്തി. ഈ സാഹചര്യത്തിൽ പമ്പാനദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അതി ശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് റൂൾകേർവിൽ നിന്നും ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്.

50 ക്യുമെക്‌സ് വെള്ളമാണ് പമ്പാ നദിയിലേക്ക് തുറന്നു വിട്ടിരിക്കുന്നത്. അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെയും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശം പരിഗണിച്ചുകൊണ്ടാണ് ഷട്ടറുകൾ ഉയർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ട് തുറന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K