16 October, 2021 04:11:03 PM
കൊല്ലത്ത് വൻനാശനഷ്ടം: അഞ്ചലിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു
കൊല്ലം: കനത്ത മഴയില്‍ കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടവും ദുരിതവും. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ ശനിയാഴ്ച പുലര്‍ച്ചെയും ശക്തമായി തുടരുകയാണ്. അഞ്ചല്‍ ആയൂര്‍ റോഡില്‍ കോഴിപാലത്തിന് സമീപം റോഡ് മുക്കാല്‍ഭാഗവും ഇടിഞ്ഞ് താഴ്ന്ന് വലിയ ഗര്‍ത്തമായി. ഇവിടെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇൗ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
കൊല്ലം നഗരസഭ ഓഫിസിന് മുന്നില്‍ ഉള്‍പ്പെടെ നിരത്തുകള്‍ വെള്ളക്കെട്ടായി. വിവിധയിടങ്ങളില്‍ ദേശീയപാതയോരങ്ങളിലും വന്‍വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. താഴ്ന്നപ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ ദുരിതം. മണ്ണിടിച്ചിലില്‍ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍ കനത്ത ദുരിതത്തിലാണ്.
കല്ലട, അച്ചന്‍കോവില്‍ ആറുകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. ഇതോടെ ഷട്ടറുകള്‍ 80 സെന്‍്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരിക്കുകയാണ്. മഴ ഇനിയും തുടര്‍ന്നാല്‍ ഷട്ടര്‍ വീണ്ടും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
കരുനാഗപ്പള്ളി മേഖലയില്‍ ക്ലാപ്പന, ഓച്ചിറ പ്രദേശങ്ങളില്‍ വെള്ളം കയറിയുള്ള ദുരിതം തുടരുകയാണ്. കുണ്ടറ ഇളമ്ബള്ളൂരില്‍ മഴയില്‍ മതില്‍ ഇടിഞ്ഞുവീടു. ഈ മേഖലയിലും വീടുകളില്‍ വെള്ളം കയറി.