22 August, 2021 01:01:46 PM


ബന്ധുവീട്ടിൽ മോഷണം നടത്തിയ ശേഷം വിവരം പൊലീസിനെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ്



റാന്നി: ബന്ധുവിന്റെ വീട്ടിൽ മോഷണം നടത്തിയതിന് ശേഷം മോഷണ വിവരം നാട്ടുകാരേയും പൊലീസിനേയും അറിയിച്ച് 'മാതൃകയായി' യുവാവ്. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ജംഗ്ഷന് സമീപം ചന്ദ്രമംഗലത്ത് ബിജു ആർ പിള്ളയാണ് 'മാന്യനായ' കള്ളൻ. ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയും ചെയ്തു. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.


ഇക്കഴിഞ്ഞ 11 നാണ് എരുവാറ്റുപുഴ ജംഗ്ഷന് സമീപമുള്ള പരമേശ്വരൻ പിള്ളയുടെ വീട്ടിൽ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 22 പവൻ സ്വർണവും 22,000 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ വശത്തുള്ള വലിയ ജനാല ഇളക്കി മാറ്റിയാണ് ബിജു വീടിനുള്ളിൽ കടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. പരമേശ്വരൻ പിള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. മോഷണ ശേഷം ബിജു തന്നെയാണ് പരമേശ്വരൻ പിള്ളയുടെ മകൾ ദീപയെ വിളിച്ച് മോഷണ വിവരം അറിയിച്ചത്.


വീട്ടിനുള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ടെന്നും ചെന്നു നോക്കിയപ്പോൾ ജനാല ഇളക്കിയ നിലയിൽ കണ്ടെന്നുമായിരുന്നു ഇയാൾ മകളോട് പറഞ്ഞത്. തുടർന്ന് നാട്ടുകാരേയും വിവരം അറിയിച്ചു. ഇതിനുശേഷം സമീപവാസികൾക്കൊപ്പം വീടിനുചുറ്റും നടന്ന് പരിശോധിച്ച ശേഷമാണ് ബിജു പൊലീസിനേയും വിവരം അറിയിച്ചത്. പരമേശ്വരൻ പിള്ളയുടെ മകൾ ദീപ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ മോഷ്ടാക്കളേയും സ്ഥിരം കുറ്റവാളികളേയുമെല്ലാം ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.


വീടിന് മുൻപിൽ സിസിടിവി ക്യാമറയുണ്ടായിരുന്നെങ്കിലും ഇതിൽ പെടാതെയായിരുന്നു ബിജു മോഷണം നടത്തിയത്. വീടിനെ കുറിച്ച് അറിയുന്നയാൾ ആയിരിക്കാം മോഷ്ടാവ് എന്ന സംശയം ഇതോടെ ബലപ്പെട്ടു. ക്യാമറയിൽ പെടാതെ മോഷ്ടാവ് കടന്നതിനെ കുറിച്ച് അന്വേഷിച്ചാണ് പൊലീസ് ബിജുവിലേക്ക് എത്തുന്നതും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K