27 July, 2021 08:01:24 PM


ഭാര്യയുടെ കാമുകന്‍റെ ജനനേന്ദ്രിയം ലക്ഷ്യമാക്കി യുവാവ് വെടിവെച്ചു; പരാതിയില്ലെന്ന് കാമുകന്‍



തിരുവല്ല: ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെ യുവാവ് എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു. ജനനേന്ദ്രിയത്തിൽ പരിക്കേറ്റ 39 കാരനായ കാമുകൻ ആശുപത്രിയിൽ ഒരുദിവസം രണ്ടു തവണ ചികിത്സ തേടി. എന്നാൽ തനിക്ക് വെടിയേറ്റു എന്നതും ഇയാൾ നിഷേധിച്ചു. വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.


ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓ.പി.യിൽ ചികിത്സ തേടിയ ഇയാൾ പുറമേ പരിക്ക് ഇല്ലാത്തതിനാൽ തിരിച്ചുപോയി എന്നാൽ മണിക്കൂറുകൾക്കു ശേഷം വേദന അനുഭവപ്പെട്ടതിനാൽ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. തുടര്‍ന്ന് ആശുപത്രി അധികൃതർ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തിൽ ആക്കി പൊലീസിനെ അറിയിച്ചു. 


പൊലീസെത്തി വിവരങ്ങൾ തിരക്കിയതോടെ ഇയാൾ വീണ്ടും ഡിസ്ചാർജ് തേടി. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം വടവാതൂർ സ്വദേശിയാണ് നാല്പത്താറുകാരനായ ഭർത്താവ്. കുറച്ചു കാലമായി നാൽപത്തിരണ്ടുകാരിയായ ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടിൽ രാവിലെ ഒത്തുതീര്‍പ്പ് ചർച്ചയ്ക്ക് എത്തിയ ഭർത്താവ് പൊടുന്നനെ എയർ ഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.


അടുത്തിടെ യുവതി ചെങ്ങന്നൂരിലുള്ള കാമുകന്‍റെ വീട്ടിൽ താമസമാക്കിയിരുന്നു. പിരിയുന്നതു സംബന്ധിച്ച ചർച്ചയ്ക്കിടെ ഇവിടെവെച്ച് യുവതിയുടെ ഭർത്താവും കാമുകനും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കത്തിനിടെയാണ് പൊടുന്നനെ എയർ ഗൺ ഉപയോഗിച്ച് യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിർത്തത്. ഇയാളുടെ തുടകൾക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാൾ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭർത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു.


യുവതിയും ഭർത്താവും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വിവാഹമോചനത്തിന് കേസ് നില നിൽക്കുകയാണ്. രണ്ടു തവണ വിവാഹം കഴിച്ച യുവാവ് ആദ്യത്തേതിൽ നിന്നും വിവാഹമോചനം നേടി. രണ്ടാമത്തെ വിവാഹത്തിലും പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K