21 July, 2021 11:22:49 AM
ഗൃഹനാഥയെ കെട്ടിയിട്ട് കവര്‍ച്ച; അവസാനം കാലുതൊട്ട് മാപ്പു പറഞ്ഞ് 1000 രൂപ തിരികെ നല്‍കി
പത്തനംതിട്ട: പന്തളം കടക്കാട് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം. പന്തളം നഗരസഭയ്ക്ക് കീഴിലെ ഏഴാം വാർഡിൽ വരുന്ന കടക്കാട് പനാറയിൽ ശാന്തകുമാരിയെ കെട്ടിയിട്ടശേഷമാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്. സംഭവത്തിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏറെ നാടകീയമായ സംഭവങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു മുൻപ് നടന്നത് എന്ന് ശാന്തകുമാരി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കടയ്ക്കാട് ഭദ്രകാളി ക്ഷേത്രത്തിലേക്ക് വാഴയില വെട്ടാൻ എന്ന പേരിലാണ് രണ്ടംഗസംഘം വീട്ടിലെത്തിയത്. വാഴയില വെട്ടുന്നതിന് ശാന്തകുമാരി അനുമതി നൽകി. തുടർന്ന് വാഴയില വെട്ടി മുറിക്കാൻ കത്തി വേണമെന്ന് ഇരുവരും ശാന്തകുമാരിയോട് ആവശ്യപ്പെട്ടു. ഉള്ളിലേക്ക് കയറി കത്തി എടുക്കാൻ പോയപ്പോഴാണ് അക്രമികൾ അപ്രതീക്ഷിതമായി ശാന്തകുമാരിയെ കയറിപ്പിടിച്ചത്. ഇരുകൈകളും കെട്ടിയിട്ട ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. നിലവിളിക്കാതിരിക്കാൻ വായിൽ പൊത്തിപ്പിടിച്ചതായും പന്തളം പൊലീസിന് നൽകിയ മൊഴിയിൽ ശാന്തകുമാരി വ്യക്തമാക്കി.
മൂന്ന് പവൻ വരുന്ന മാലയും മോതിരവും പ്രതികൾ അഴിച്ചെടുത്തതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഇതിനുശേഷം വീട്ടിലെ അലമാരയുടെ താക്കോൽ ചോദിച്ചു വാങ്ങുകയായിരുന്നു. താക്കോൽ നൽകിയതോടെ ഇതിലുണ്ടായിരുന്ന 8000 രൂപ പ്രതികൾ എടുത്തു. തുടർന്ന് പ്രതികൾ മടങ്ങി പോവുകയായിരുന്നു. മടങ്ങിപ്പോകാൻ തുടങ്ങിയപ്പോഴാണ് കയ്യിലെ കെട്ടഴിച്ച് നൽകണമെന്ന് ശാന്തകുമാരി പ്രതികളോട് തന്നെ ആവശ്യപ്പെട്ടത്. തിരിച്ച് എത്തിയ പ്രതികൾ ഇവരുടെ കൈയ്യിലെ കെട്ടഴിച്ച് നൽകി.
കയ്യിൽ മറ്റ് പണം ഒന്നുമില്ല എന്ന് ശാന്തകുമാരി അറിയിച്ചതോടെ 8000 രൂപയിൽനിന്ന് ആയിരം രൂപ ശാന്തകുമാരിക്ക് തന്നെ മോഷ്ടാക്കൾ തിരിച്ചു നൽകിയതായും മൊഴിയിൽ പറയുന്നു. പോകുന്നതിന് തൊട്ടുമുമ്പ് പ്രതികൾ ശാന്തകുമാരിയുടെ കാൽതൊട്ടു തൊഴുതതായും ശാന്തകുമാരി പറയുന്നു. സംഭവത്തിൽ അവിശ്വസനീയമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ന്യൂസ് 18 നോട് പറഞ്ഞു. പ്രതികളെക്കുറിച്ച് ശാന്തകുമാരി പല സൂചനകളും നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണ്.
പല കാര്യങ്ങളും വിശ്വസിക്കാനാവുന്നതല്ല എന്നും പോലീസ് പറഞ്ഞു. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് പറയാനും ആകില്ല. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക എന്നും പന്തളം പോലീസ് പറഞ്ഞു. ഭർത്താവ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ ഒറ്റയ്ക്കാണ് ശാന്തകുമാരി കഴിഞ്ഞിരുന്നത്. 72 വയസ്സാണ് ഇവർക്കുള്ളത്.
ഫോറൻസിക് പരിശോധനാ വിദഗ്ധർ അടക്കം സ്ഥലത്തെത്തി വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രാദേശികമായി ഉള്ള മോഷ്ടാക്കൾ ആകാം സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പന്തളത്തു നടന്ന ചില ക്രിമിനൽ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികൾക്ക് കേസുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.