12 July, 2021 05:37:47 PM


ഗാർഹിക പീഡനം: കൊല്ലത്ത് വീണ്ടും ആത്മഹത്യ; മരിച്ചത് വിദ്യാര്‍ത്ഥിനി കൂടിയായ 22കാരി



കൊല്ലം: ഗാർഹിക പീഡനത്തിൽ കൊല്ലത്ത് വീണ്ടും ആത്മഹത്യ. മരുത്തടിയിൽ ജീവനൊടുക്കാൻ ശ്രമിച്ച 22 കാരി മരിച്ചു. സംഭവത്തെ തുടർന്ന് ഭർതൃമാതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്‌ എടുത്തു. പടിഞ്ഞാറേ കൊല്ലം കന്നിമേൽചേരി പുളിഞ്ചിക്കൽ വീട്ടിൽ സതീഷിന്‍റെ ഭാര്യ അനുജ (22)യാണ് മരിച്ചത്. മകൾ നിരന്തരം മാനസിക പീഡനത്തിന് വിധേയയായെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.


കഴിഞ്ഞ മാസം മുപ്പതിന് രാത്രിയിലാണ് അനുജയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സ്വകാര്യ മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. ഇതേതുടര്‍ന്നാണ് ഭര്‍തൃമാതാവ് മരുത്തടി സ്വദേശി സുനിജയ്‌ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത്. 


കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലത്തെ സ്വകാര്യ കോളേജിൽ അവസാന വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജ. വെൽഡറായ സതീഷ് രാവിലെ ജോലിക്കു പോയാൽ പിന്നെ അനുജയും ഭർതൃമാതാവ് സുനിജയുമാണ് വീട്ടിൽ ഉണ്ടാകുക. ഒറ്റപ്പെടുത്തിയും നിരന്തരം കുറ്റപ്പെടുത്തിയും സുനിജ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛൻ ശക്തികുളങ്ങര പണ്ടാലതെക്കതിൽ അനിയും അമ്മ രാജേശ്വരിയും പറഞ്ഞു.

അച്ഛന്റെ പരാതിയിലാണ് ശക്തികുളങ്ങര പൊലീസ് കേസെടുത്തത്. എ സി പി എ പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. ഭർത്താവ് സതീഷിന്‍റേത് നല്ല പെരുമാറ്റമായിരുന്നുവെന്നാണ് പൊതുവിൽ അഭിപ്രായം. ഭർത്താവ് സതീഷിന് അനുജയോട് വലിയ ഇഷ്ടമായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞ്‌ വീട്ടുകാർ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. എന്നിട്ടും അവൾക്ക് ഭർതൃഗൃഹത്തിൽ ജീവനൊടുക്കേണ്ടി വന്നതിന്‍റെ വേദന വിവരിക്കുമ്പോൾ അച്ഛൻ അനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.


കഴിഞ്ഞ മാസങ്ങളിൽ വീട്ടിൽ കനത്ത ചൂട് ആണെന്ന് അനുജ പറഞ്ഞപ്പോൾ ഡ്രൈവറായ അച്ഛൻ എസി വാങ്ങിക്കൊടുത്തു. നിത്യ ചിലവിന് ബുദ്ധിമുട്ടുമ്പോഴും മകൾക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കിയിരുന്നു അനി. ഞായറാഴ്ചകളിൽ ഭർത്താവുമൊത്ത് അനുജ പണ്ടാഴയിലെ സ്വന്തം വീട്ടിൽ എത്തുമായിരുന്നു. അമ്മ രാജേശ്വരിയും സഹോദരി അഖിലയുമൊത്ത് മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇടയ്‌ക്ക് ഭർത്താവിന്‍റെ സഹോദരന് വീടുവാങ്ങാൻ സഹായം വേണമെന്നു പറഞ്ഞപ്പോൾ സ്ത്രീധനമായി നൽകിയ സ്വർണം വിറ്റ പണമടക്കം 10 ലക്ഷം നൽകി.


പകരമായി ഭർത്താവിന്‍റെ വീട് അനുജയുടെ പേരിൽ എഴുതി നൽകി. സുനിജയ്‌ക്ക്‌ താമസാവകാശവും നൽകി. അനുജയ്‌ക്ക് കോവിഡ് വന്നപ്പോൾ നിരീക്ഷണത്തിലായിരുന്ന ഭർത്താവുമൊത്ത് രണ്ടാഴ്ച പുറത്തുനിന്ന് ആഹാരം വാങ്ങിക്കഴിച്ചത് സുനിജയെ വല്ലാതെ ചൊടിപ്പിച്ചിരുന്നതായി അനുജയുടെ വീട്ടുകാർ പറയുന്നു. ആഹാരം സ്വയം പാചകംചെയ്തു കഴിച്ചിരുന്ന സുനിജ പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നത് അനുജയെ വല്ലാതെ വേദനിപ്പിച്ചതായും അനുജയുടെ ബന്ധുക്കൾ പറഞ്ഞു. വീട്ടിലെ മാനസിക പീഡനത്തെക്കുറിച്ച് അനുജ സഹോദരി അഖിലയോട് പറയാറുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K