17 June, 2021 06:27:17 AM
യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്നെന്ന കേസിൽ പ്രതിയായ യുവാവ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി മേലേതിൽ വളപ്പറമ്പിൽ ജിതിൻ ആർ. അരവിന്ദനെയാണ്(33) എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
2016 ൽ പന്തളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കുന്പോഴാണ് യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. പിന്നീട് അടുത്ത സൗഹൃദം സ്ഥാപിക്കുകയും വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ കുറ്റാലത്തെ ലോഡ്ജ് മുറിയിൽ വച്ചും യുവതിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണു പരാതി. പിന്നീട് 2019 മാർച്ചിൽ ഇയാൾ കുവൈത്തിലേക്കു പോകുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട്, ബ്ലൂ കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നതിനാലാണ് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശേരി പോലീസിനു കൈമാറിയ പ്രതിയെ പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.