05 June, 2021 06:04:38 PM
കോന്നിയില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
പത്തനംതിട്ട : കോന്നിയില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തട്ട് പൊളിക്കുന്നതിനിടെയായിരുന്നു അപകടം കോന്നി സ്വദേശിയായ അതുല്‍ കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ടെയാണ് സംഭവം. കിഴക്കേമുറിയില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തട്ട് പൊളിക്കുമ്ബോഴാണ് അപകടമുണ്ടായത്. തട്ട് പൊളിക്കുന്നതിനിടെ ഭിത്തിയുടെയും കോണ്‍ക്രീറ്റിന്റെയും ഇടയില്‍ അതുല്‍ കൃഷ്ണ കുടുങ്ങിപ്പോവുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ അതുല്‍ മരിച്ചു. ഇടിഞ്ഞുവീണ കോണ്‍ക്രീറ്റ് പാളി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റി. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പ് തട്ട് പൊളിച്ചതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിലാര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന വീടിന് തൊട്ടടുത്താണ് അതുലിന്റെയും വീട്. തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിക്കുമെന്ന് മനസിലാക്കി മാറാന്‍ ശ്രമിക്കുമ്ബോഴേക്കും അതുല്‍ അപകടത്തില്‍പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.