01 June, 2016 09:55:48 PM
കടല്‍ക്ഷോഭത്തിനെതിരെ ഫലപ്രദമായ നടപടികള്‍ക്ക് തീരുമാനം
ആലപ്പുഴ : ജില്ലയില്‍ 107 കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്തുണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍ നിന്ന് മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ഭക്ഷ്യവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച നടത്തി. കടല്‍ ആഞ്ഞടിച്ച് വീടുകള്‍ തകര്‍ന്നു പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക മന്ത്രി ജി സുധാകരന്‍ ജലവിഭവ വകുപ്പ് മന്ത്രിക്ക് നല്‍കി.
അവിടങ്ങളില്‍ അടിയന്തിരമായി കരിങ്കല്ല് കൊണ്ട് പ്രതിരോധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷം ഹരിപ്പാട് മണ്ഡലത്തിലൊഴികെ മറ്റൊരിടത്തും തീരസംരക്ഷണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് മന്ത്രിമാരുടെ യോഗം വിലയിരുത്തി. ഇക്കുറി പ്രതിരോധ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും ഒരു വീടു പോലും നശിക്കാന്‍ അനുവദിക്കില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉറപ്പു നല്‍കി.
കല്ലിടല്‍ സത്യസന്ധമായും ഫലപ്രദമായും നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളില്‍ അവിടത്തെ എം. എല്‍. എ മാര്‍ അദ്ധ്യക്ഷരായി നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. വകുപ്പു എഞ്ചിനീയര്‍മാര്‍ കണ്‍വീനര്‍മാരും, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ അംഗങ്ങളുമായിരിക്കും. കടല്‍ത്തീരത്തു നിന്നും മണ്ണുകോരി കരിങ്കല്‍ കെട്ടിനു പുറമെ ഉയരത്തില്‍ മണ്‍ഭിത്തിയുണ്ടാക്കുന്നതിന് അനുമതി നല്‍കാനും തീരുമാനമായി