12 May, 2021 07:08:47 PM


കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ഉടന്‍



കോന്നി: ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍(സിഎസ്എല്‍ടിസി) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സിഎസ്എല്‍ടിസി ആരംഭിക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 120 കിടക്കയും രണ്ടാം ഘട്ടമായി 120 കിടക്കയും ഉള്‍പ്പടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് സിഎസ്എല്‍ടിസി ആരംഭിക്കുന്നത്.


ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകള്‍ തയാറായി. എല്ലാ കിടക്കകളിലും ഓക്സിജന്‍ സൗകര്യമുണ്ടാകും. ഇതിനായി സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്കു ലഭിച്ച അഞ്ചു കോടി രൂപയില്‍ 23 ലക്ഷം രൂപയാണ് സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ചിലവഴിക്കുന്നത്. 20 ഓക്സിജന്‍ സിലിണ്ടര്‍ ആണ് മെഡിക്കല്‍ കോളജില്‍ നിലവിലുള്ളത്. പുതിയ 60 സിലണ്ടര്‍ കൂടി ലഭ്യമാക്കും. തുടര്‍ന്ന് സിലിണ്ടറിന്റെ എണ്ണം 300 ആയി വര്‍ധിപ്പിക്കും. ലിക്വിഡ് ഓക്സിജന്‍ സംഭരണ ടാങ്ക് മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കണമെന്ന് ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥാപിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും എംഎല്‍എ യോഗത്തെ അറിയിച്ചു. ഇതോടെ ഓക്സിജന്‍ സംഭരണ പ്രശ്നത്തിനു പരിഹാരമാകും.


സിഎസ്എല്‍ടിസി ആരംഭിക്കുന്നതിനായി ജീവനക്കാര്‍ക്കു താമസിക്കാന്‍ എട്ടു മുറികള്‍ മാറ്റി വയ്ക്കാന്‍ യോഗം തീരുമാനിച്ചു. ഈ മുറികളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. രോഗബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ജീവനക്കാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കുന്നതിനുമെല്ലാം പ്രത്യേക വഴികളാകും ഉണ്ടാകുകയെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയ്ക്കു വേണ്ടി വ്യത്യസ്ഥ മേഖലകള്‍ തിരിച്ച് മാപ്പ് തയാറാക്കിയതായും പൂര്‍ണ സുരക്ഷിതത്വത്തോടെ ചികിത്സ നടത്താന്‍ കഴിയുമെന്നും സൂപ്രണ്ട് പറഞ്ഞു. എല്ലാ ക്രമീകരണങ്ങളും എംഎല്‍എ നേരിട്ട് സന്ദര്‍ശിച്ചു മനസിലാക്കി.


കോവിഡ് ചികിത്സയ്ക്ക് ആവശ്യമുള്ള അധിക ജീവനക്കാരെ എന്‍എച്ച്എമ്മില്‍ നിന്നു നിയോഗിക്കും. ആവശ്യമായ മരുന്നും ഉപകരണങ്ങളും കെഎംഎസ്സിഎല്‍ എത്തിച്ചു നല്കാന്‍ നിര്‍ദേശം നല്കി. എംഎല്‍എ ഫണ്ടില്‍ നിന്നും 43 ലക്ഷം രൂപ മുടക്കി എക്സ് റേ മെഷീന്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതിയും എംഎല്‍എ പരിശോധിച്ചു. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കല്‍ സിസ്റ്റംസ് ലിമിറ്റഡ് നിര്‍മിച്ച ഹൈ ഫ്രീക്വന്‍സി എക്സ്റേ മെഷീനാണു സ്ഥാപിക്കുന്നത്. ജപ്പാന്‍ കമ്പനിയായ ഫ്യൂജി ഫിലിംസ് നിര്‍മിച്ച കാസറ്റ് റെക്കോര്‍ഡര്‍ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സ്റേയുടെ ഡിജിറ്റല്‍ ഇമേജാണു ലഭ്യമാകുക. 50 കിലോവാട്ട് എക്സ്റേ ജനറേറ്ററും 65 കെവി സ്റ്റെബിലൈസറും സ്ഥാപിച്ചു കഴിഞ്ഞു. എക്സ്റേ സംവിധാനം ഉടന്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ പ്രവര്‍ത്തനം പുരോഗമിച്ചതായി സൂപ്രണ്ട് ഡോ. എസ്.സജിത്കുമാര്‍ പറഞ്ഞു.


സിഎസ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം ഒപിയില്‍ ചികിത്സയും ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. കോവിഡ് രോഗബാധിതരാകുന്നവര്‍ക്ക് കോന്നിയില്‍ മികച്ച ചികിത്സ ഉറപ്പാക്കും. പുതിയ സര്‍ക്കാര്‍ ചുമതല ഏറ്റാല്‍ ഉടന്‍ തന്നെ ആരോഗ്യമന്ത്രിയെ പങ്കെടുപ്പിച്ച് മെഡിക്കല്‍ കോളജ് അവലോകന യോഗം ചേരും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി ഗവ. മെഡിക്കല്‍ കോളജിനെ മാറ്റുമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയെ കൂടാതെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്.സജിത്കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍.രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജര്‍ അജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K