29 April, 2021 12:18:10 PM
ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പത്തനംതിട്ടയിലെ ആശുപത്രികൾ പ്രതിസന്ധിയിൽ
പത്തനംതിട്ട: ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ട ജനറൽ ആശുപത്രികളിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കേണ്ടിവന്നു. സ്വകാര്യ ആശുപത്രികളിലും കരുതൽ ഓക്‌സിജൻ കുറയുകയാണ്. പ്രതിസന്ധി മറികടക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.
ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ഇന്നലെയും ഇന്നുമായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവിടേയ്ക്ക് ആറ് ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്. കരുതൽ ശേഖരത്തിൽ കുറവു വന്നതിനാലാണ് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും കരുതൽ ശേഖരം കുറയുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടിയന്തര നടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.