15 April, 2021 02:41:19 PM
ജീവിതപ്രാരാബ്ധമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല വേണ്ടത് - പന്തളം പ്രതാപന്‍
പത്തനംതിട്ട : അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണനെതിരേ ബിജെപി സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍. ജീവിതപ്രാരാബ്ധമുണ്ടെങ്കില്‍ പി.എസ്.സി. വഴി ജോലി നേടുകയാണ് വേണ്ടത്, അല്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല ചെയ്യേണ്ടതെന്നും പന്തളം പ്രതാപന്‍ പറഞ്ഞു.
മകന്റെ രോഗാവസ്ഥ വോട്ട് പിടിക്കാനുള്ള തന്ത്രമാക്കുന്നത് ശരിയായ രീതിയല്ല. യുഡിഎഫ് സ്ഥാനാര്‍ഥി പിന്തുടര്‍ന്ന പ്രചാരണരീതി ജനാധിപത്യവിരുദ്ധമാണെന്നും പന്തളം പ്രതാപന്‍ പറഞ്ഞു. സംവരണ മണ്ഡലമായ അടൂരിലെ സ്ഥാനാര്‍ഥികളെല്ലാം ജീവിതപ്രയാസം നേരിടുന്നവരോ നേരിട്ടവരോ ആണ്. എന്നാല്‍ അതിനെ വോട്ട് നേടാന്‍ കൂട്ടുപിടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരാണ് മറ്റുപ്രശ്‌നങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിയമസഭയിലേക്കുള്ള പോരാട്ടം തികഞ്ഞ രാഷ്ട്രീയ മത്സരമാണ്. കോണ്‍ഗ്രസ് വിട്ടുവന്ന തനിക്ക് ബിജെപിയില്‍ നിന്ന് വലിയ പിന്തുണ കിട്ടി. അടൂരിലെ സിപിഎം-സിപിഐ ഭിന്നത എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും പന്തളം പ്രതാപന്‍ പറഞ്ഞു.