23 March, 2021 04:42:08 PM
റോബിന്‍ പീറ്ററിന് വീണ്ടും തിരിച്ചടി; കോന്നിയില്‍ കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു
കോന്നി: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് വന്‍ തിരിച്ചടി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ ആളെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സാണ്ടര്‍ മാത്യു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിന്‍റെ പ്രമുഖ ഭാരവാഹി പാര്‍ട്ടി വിട്ടത് സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
കാലങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ അലക്‌സാണ്ടര്‍ മാത്യുവിനെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നേതൃത്വത്തിന്‍റെ നിലപാടില്‍ അമര്‍ഷമുള്ള നേതാക്കളും നൂറോളം പ്രവര്‍ത്തകരും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുവരുമെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. പലരും റോബിന്‍ പീറ്ററിന് വേണ്ടി പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് മനസില്ലാമനസോടെയാണ്. എന്നാല്‍ ഈ സ്ഥിതി തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് പലരും.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വിമതപ്രവര്‍ത്തനം നടത്തിയയാളെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം കോന്നിയില്‍ കോണ്‍ഗ്രസിന്‍റെ അടിത്തറയിളകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 'പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തയാളെ കെട്ടിയിറക്കുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പരാജയത്തിലേക്ക് തള്ളിവിടും. പ്രവര്‍ത്തകരുടെ വികാരം പലവട്ടം നേതൃത്വത്തെ അറിയിച്ചിട്ടും ഗൗനിക്കാതിരുന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കും' - അദ്ദേഹം പറഞ്ഞു.
1989 ല്‍ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്റര്‍ പത്തനംതിട്ട കതോലിക്ക കോളജില്‍ മാഗസിന്‍ എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് കിഴവൊള്ളൂര്‍ സ്വദേശിയായ അഡ്വ. അലക്‌സാണ്ടര്‍ മാത്യു. ഇഴവൊള്ളൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന അലക്‌സാണ്ടര്‍ മാത്യു നിലവില്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്‍റെ ജില്ലാ സെക്രട്ടറി കൂടിയാണ്. സ്വീകരണയോഗത്തില്‍ സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാല്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.