05 March, 2021 01:18:08 PM


ബിലീവേഴ്സ് ചർച്ചിന്‍റെ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

2000 ഏക്കർ ഭൂമിയിൽ ശബരിമല വിമാനത്താവള പദ്ധതി പ്രദേശവും



പത്തനംതിട്ട: വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 500 കോടി രൂപയോളം നികുതി വരുമെന്നതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ ആസ്തിവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്.


നികുതികുടിശിക അടച്ചില്ലങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രസര്‍ക്കാരിന്‍റെ കൈയിലാകും. ഇതോടെ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് കെ പി യോഹന്നാന് നോട്ടീസ് അയച്ചിരുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന് കെ പി യോഹന്നാൻ നോട്ടീസ് അയച്ചിരുന്നു.


യോഹന്നാന്‍ ഇപ്പോള്‍ അമേരിക്കയിലെ ടെക്‌സസിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആസ്ഥാനത്താണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും റെയ്ഡിൽ കണ്ടെത്തിയിരുന്നു. കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമവിധിയുണ്ടാകുന്നതിന് മുമ്പ് തന്നെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന് കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കേണ്ട തുകയിലും ധാരണയായിരുന്നു. 570 കോടി രൂപയാണ് ഭൂമി വില കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കു തന്നെയെന്ന് വിധി വന്നാല്‍ പോലും കേരള ലാന്‍ഡ് റിഫോര്‍മ്സ് ആക്ട് പ്രകാരം മാത്രമേ വില നിശ്ചയിക്കാനാവൂ.


സ്വകാര്യ വ്യക്തിക്കു കൈവശം വയ്ക്കാവുന്ന ഭൂപരിധിയായ 15 ഏക്കര്‍ കഴിഞ്ഞുള്ള വസ്തുവിന് മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രകാരം തുച്ഛമായ വില മാത്രമേ നല്‍കേണ്ടതുള്ളൂ. തോട്ടഭൂമിക്ക് ലഭിക്കുന്ന ഇളവുകള്‍ പ്രകാരം ഭൂമി കൈവശം വയ്ക്കുമ്പോള്‍ ആ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാനാവൂ. സര്‍ക്കാര്‍ മറ്റാവശ്യത്തിന് തോട്ടഭൂമി ഏറ്റെടുക്കുന്നതോടെ സീലിങ് പരിധി കഴിഞ്ഞുള്ള ഭൂമി മിച്ചഭൂമിയായി മാറും. നിയമത്തില്‍ പറയുന്ന നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ മതി.


എന്നാല്‍ സര്‍ക്കാര്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമാണ് വസ്തുവില കെട്ടിവയ്ക്കാനൊരുങ്ങുന്നത്. ഇത് സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴാണ് ബാധകം. ആക്ടിലെ റൂള്‍സ് 18 (4), 18(5), 18 (6) പ്രകാരം സ്വകാര്യവ്യക്തിയുടെ ഭൂമി തര്‍ക്കഭൂമിയാണെങ്കില്‍ കോടതിയില്‍ ഭൂമി വില മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്നുപോലുമില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യുരേഖയില്‍ തര്‍ക്കഭൂമിയാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രം മതി.


ഉടമസ്ഥാവകാശത്തില്‍ തീരുമാനമായതിനുശേഷം തുക ഉടമയ്ക്ക് നല്‍കിയാലും മതിയാകും. ഇവിടെ ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയെന്നു സര്‍ക്കാര്‍ വാദിക്കുമ്പോള്‍ തന്നെയാണ് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടിപ്രകാരം തുക കെട്ടിവയ്ക്കാനൊരുങ്ങുന്നതിനെതിരെയും ആക്ഷേപമുയരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K