27 February, 2021 05:25:23 PM
അങ്കത്തിന് ഒരുങ്ങി പത്തനംതിട്ട: പൊതുയോഗങ്ങൾക്കായി 10 കേന്ദ്രങ്ങൾ
പത്തനംതിട്ട: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ തയാറെടുപ്പുകൾ തുടങ്ങി. ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് ജില്ലയിൽ 10 സ്ഥലങ്ങൾ നിയോജക മണ്ഡല അടിസ്ഥാനത്തിൽ നിശ്ചയിച്ചു.
ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 10,36,488 വോട്ടർമാരാണുള്ളത്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷൻമാരും നാല് ട്രാൻസ്ജൻഡറുകളും പട്ടികയിൽ ഉൾപ്പെടുന്നു.
ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും കുറവും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതിലാകും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
നിലവിൽ ജില്ലയിൽ 80 വയസിന് മുകളിലുള്ള 38,692 പേരും, 2250 പ്രവാസികളും, അംഗപരിമിതരായ 12,586 പേരും പട്ടികയിലുണ്ട്. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനുള്ളവർക്കും, പേര് ഒഴിവാക്കാനുള്ളവർക്കും തിരുത്തലുകൾ വരുത്താനുള്ളവർക്കും ഇപ്പോൾ www.nvsp.in എന്ന വൈബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
നിയോജക മണ്ഡലങ്ങളിലെ പൊതുയോഗ കേന്ദ്രങ്ങൾ
തിരുവല്ല: തിരുവല്ല മുനിസിപ്പൽ സ്‌റ്റേഡിയം, തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്‌റ്റേജ്.
റാന്നി : റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
ആറന്മുള : പത്തനംതിട്ട പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് ഓപ്പൺ എയർ സ്‌റ്റേഡിയം, പത്തനംതിട്ട മുനിസിപ്പൽ സ്‌റ്റേഡിയം, ഇലന്തൂർ പഞ്ചായത്ത് സ്‌റ്റേഡിയം.
കോന്നി : കോന്നി മാർക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇൻഡോർ സ്‌റ്റേഡിയം.
അടൂർ :- അടൂർ കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്‌റ്റാൻഡ്.
ഈ സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണു യോഗങ്ങൾ നടക്കുന്നതെന്ന് അതത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ ഓഫീസർമാർ ഉറപ്പാക്കും. കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർ ഉറപ്പുവരുത്തും.