13 February, 2021 10:11:44 PM
പ്രായാതിര്‍ത്തികള്‍ ഭേദിച്ച് പ്രണയിച്ചത് ലോക്ഡൗണില്‍; വിവാഹം പ്രണയദിനമായ നാളെ
അടൂർ: പ്രായാതിര്‍ത്തികള്‍ ഭേദിച്ച് പ്രണയിച്ച വയോധികര്‍ വിവാഹിതരാകുന്നു. അതും പ്രണയദിനമായ നാളെ. അടൂർ ശരണാലയത്തിലെ അന്തേവാസികളായ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജനും (58) അടൂര്‍ മണ്ണടി സ്വദേശി സരസ്വതിയുമാണ് (65) വധൂവരന്മാര്. ഒറ്റപ്പെടലില്‍ തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗണ്‍ കാലത്താണ്.
ശബരിമല സീസണില്‍ പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരികയായിരുന്നു രാജന്. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ചപ്പോള്‍ മറന്നത് സ്വന്തം ജീവിതം. വിവാഹത്തെക്കുറിച്ചും രാജന് ചിന്തിച്ചിരുന്നില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ലോക്ക്ഡൗണായതോടെ രാജനുള്‍പ്പെടെ ആറുപേരെ പമ്പ പൊലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ വയോജന സംരക്ഷണവും പാചകവും രാജന് സ്വയം ഏറ്റെടുത്തു.
2018 ഫെബ്രുവരി മുതല്‍ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്. പരസ്പരം ഇഷ്ടമാണെന്ന വിവരം ഇവര്‍തന്നെ മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ലയെ അറിയിച്ചു. അങ്ങനെയാണ് പ്രണയദിനമായ ഫെബ്രുവരി 14ന് രാവിലെ 11നും 11.30നും ഇടയിലെ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.