11 February, 2021 07:09:39 PM
സ്‌കൂട്ടര്‍ അപകടത്തിനുശേഷം കാറില്‍ കിടന്നുറങ്ങിയ യുവാവ് മരിച്ച നിലയില്‍
അടൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് തലയിടിച്ച് വീണ യുവാക്കള്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് കാറില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ നോക്കുമ്പോള്‍ മൂക്കില്‍ നിന്ന് ചോര വാര്‍ന്ന് ഒരാള്‍ മരിച്ച നിലയില്‍. കൈപ്പട്ടൂര്‍ പുത്തന്‍വീട്ടില്‍ ചന്ദ്രകുമാറിന്റെ മകന്‍ സുധീഷ് (25) ആണ് മരിച്ചത്.
കൈപ്പട്ടൂര്‍ സ്വദേശി വിജിത്തിനൊപ്പം അടൂര്‍ ചിരണിക്കല്‍ ലക്ഷം വീട് കോളനിയിലേക്ക് വരുമ്ബോള്‍ ബുധനാഴ്ച രാത്രി പത്തരയോടെ പത്തനംതിട്ട-അടൂര്‍ റോഡില്‍ ആനന്ദപ്പള്ളി റോഡില്‍ പന്നിവിഴ സെന്റ് ജോണ്‍സ് സ്‌കൂളിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയിടിച്ചാണ് സുധീഷ് വീണത്. ഇരുവരും എഴുന്നേറ്റ് ഇരുന്നെങ്കിലും വാഹനം ഓടിച്ചു പോകാന്‍ കഴിയുമായിരുന്നില്ല.
വിജിത്ത് ഏറെ നാളായി ചിരണിക്കല്‍ ലക്ഷംവീട് കോളനിയിലുള്ള പെങ്ങളുടെ വീട്ടിലാണ് താമസം. സ്വയം വാഹനം ഓടിച്ചു പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ വിജിത്ത് ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തി. ഒരു കാറില്‍ രണ്ടു കൂട്ടുകാരാണ് വന്നത്. അതിലൊരാള്‍ അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ എടുത്തു. വിജിത്തും സുധീഷും കാറിലും കയറി. ആശുപത്രിയില്‍ പോകാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും തങ്ങള്‍ക്കൊരു കുഴപ്പവുമില്ലെന്നാണ് ഇരുവരും പറഞ്ഞത്.
അപകടം നടന്ന സ്ഥലത്ത് വച്ച് സുധീഷ് ഛര്‍ദിക്കുകയും ചെയ്തിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതു കൊണ്ടാകാം ഛര്‍ദിച്ചത് എന്നാണ് മറ്റുള്ളവര്‍ കരുതിയത്. വിജിത്തിന്റെ സഹോദരിയുടെ വീടിന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് മൂവരും അതില്‍ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ മറ്റുള്ളവര്‍ എണീറ്റ് നോക്കിയപ്പോഴാണ് സുധീഷ് ചലനമറ്റ് കിടക്കുന്നത് കണ്ടത്.
മൂക്കിലൂടെ ചോര ഒഴുകി ഇറങ്ങിയിരുന്നു. ഉടന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിട്ട് മണിക്കൂറുകള്‍ ആയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അപകടത്തില്‍ തലയ്ക്കേറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പൊലീസ്.