07 February, 2021 06:39:20 PM


കോന്നി കെഎസ്‌ആര്‍ടിസി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും



പത്തനംതിട്ട: കോന്നി കെഎസ്‌ആര്‍ടിസി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്.


അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കെ.എസ്.ആര്‍.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കും.


ഉടന്‍ തന്നെ യാഡ് നിര്‍മിക്കുന്നതിനുള്ള തീരുമാനവുമെടുത്തു.എച്ച്‌എല്‍എല്ലിന് യാഡ് നിര്‍മാണ ചുമതല നല്‍കും. യാഡ് നിര്‍മാണം, വൈദ്യുതീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനാവശ്യമായ 50 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കുമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K