07 February, 2021 12:55:43 PM


വൈദ്യുതി സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍; പദ്ധതിയ്ക്കു തുടക്കമായി



പത്തനംതിട്ട: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (കെഎസ്ഇബി) സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന വൈദ്യുതി സേവനങ്ങള്‍ വാതില്‍പ്പടിയില്‍  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ നിര്‍വഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ വാതില്‍പ്പടി സേവനങ്ങളുടെ പ്രഖ്യാപനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.


വൈദ്യുതി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിയിലൂടെ കെഎസ്ഇബിയുടെ പ്രധാന സേവനങ്ങള്‍ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറിലേക്കുള്ള ഒറ്റ ഫോണ്‍ കോള്‍ വഴി ഉറപ്പാക്കാന്‍ സാധിക്കും.  കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ ഏതൊക്കെയാണെന്ന് ബോധിപ്പിക്കുകയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വിശദമാക്കുകയും ചെയ്യും. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അപേക്ഷ സ്വീകരിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ഇതിനുശേഷം വേണ്ടുന്ന ഫീസ് ഓണ്‍ലൈനായോ കൗണ്ടര്‍ മുഖേനയോ അടച്ച് സമയ ബന്ധിതമായി സേവനം ഉറപ്പാക്കാന്‍ കഴിയും.


പദ്ധതിപ്രകാരം പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ്/കണക്ഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍/ മീറ്റര്‍ മാറ്റിവയ്ക്കല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കല്‍ ഡിവിഷനുകളിലും കുറഞ്ഞത് ഒരു  ഇലക്ട്രിക്കല്‍ സെക്ഷനില്‍ എങ്കിലും പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം. പാലക്കാട്, തൃശൂര്‍, പെരുമ്പാവൂര്‍, ആലപ്പുഴ, ഹരിപ്പാട് സര്‍ക്കിളുകളില്‍ പരീക്ഷിച്ച് വിജയിച്ച സേവനമാണ് കെഎസ്ഇബി പത്തനംതിട്ട ജില്ലയിലും ഒരുക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K