18 May, 2016 02:13:53 PM
വി.എസ് വോട്ട് ചെയ്യുന്നത് എത്തി നോക്കിയ ജി. സുധാകരനെതിരെ കേസ്
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ നോക്കിനിന്ന സംഭവത്തിൽ സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‍െറ പേരില്‍ സുധാകരനെതിരെ നടപടി എടുക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ എസ്.പിയോട് ആവശ്യപ്പെട്ടു. എസ്.പിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്.
പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പോളിങ് ബൂത്തില്‍ വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ ജി. സുധാകരൻ നോക്കിനിന്നതാണ് വിവാദമായത്. വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും കടന്നുചെല്ലാന്‍ വിലക്കുള്ള വോട്ടിങ് മെഷീന് അരികിലേക്ക് കടന്നുചെന്ന സുധാകരനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‍െറ പേരില്‍ നടപടി എടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നിരുന്നു. വി.എസിന്‍െറ മകനോടൊപ്പം വോട്ടുയന്ത്രത്തിന് അടുത്തുചെന്ന് രണ്ടാമത്തേതാണ് തന്‍െറ ചിഹ്നമെന്ന് പറയുകയും അതിനുശേഷം വി.എസ് വോട്ടുചെയ്യുന്നത് എത്തിനോക്കിയതും ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 പ്രകാരം ചട്ടലംഘനമാണെന്ന് കോൺഗ്രസും പ്രതികരിച്ചിരുന്നു.
പ്രിസൈഡിങ് ഓഫീസറുടെ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിലാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ആര്‍. ഗിരിജ സുധാകരനെതിരെ നടപടിക്ക് നിർദേശം നൽകിയത്.