27 September, 2020 02:31:26 PM


ശബരിമല: 5000 പേര്‍ക്ക് പ്രവേശനം നല്‍കാമെന്ന നിര്‍ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ്




തിരുവല്ല: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമലയില്‍ ദിവസം 5000 പേര്‍ക്ക് പ്രവേശനം നല്‍കാമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ്. നാളെ മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് യോഗം നടക്കാനിരിക്കെയാണ് നിര്‍ദ്ദേശത്തെ ബോര്‍ഡ് എതിര്‍ക്കുന്നത്. ലക്ഷങ്ങള്‍ തീര്‍ത്ഥാടകരായി എത്തുന്ന സന്നിധാനത്ത് 5,000 പേരെന്നുള്ളത് കുറഞ്ഞ സംഖ്യയാണെന്നൊണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിവരം. കുറഞ്ഞത് 25,000 പേരെയെങ്കിലും പ്രവേശിപ്പിക്കണമെന്ന അഭിപ്രായമാണ് ബോര്‍ഡിനുള്ളില്‍.


ഇത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ടാകും. ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് പൂര്‍ണ്ണമായി വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും ദര്‍ശനം അനുവദിക്കുന്നത്. നിലയ്ക്കലില്‍ ആന്‍റിജന്‍ പരിശോധന നടത്തിയ ശേഷമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുന്നത്. നെയ്യഭിഷേകത്തിന് വരി ഉണ്ടാകില്ല. ആടിയശിഷ്ടം നെയ്യ് നല്‍കും.


ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ പ്രസാദം വാങ്ങി മടങ്ങണം. അന്നദാനത്തിനും സാധ്യത കുറവാണ്. തുലാമാസ പൂജകള്‍ക്ക് നട തുറക്കുമ്ബോള്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ച്‌ തുടങ്ങുമെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന. ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെയും തുലാമാസ പൂജകള്‍ക്ക് നട തുറക്കുമ്‌ബോള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K