31 July, 2020 01:40:25 PM


കുളിക്കാൻ പോയ ഓമന പുഴയിലൂടെ ഒഴുകിയത് 50ലേറെ കിലോമീറ്റർ



തിരുവല്ല: മണിമലയില്‍ നിന്നും പുഴയില്‍ വീണ്  ഒഴുകിയ വയോധികയെ രക്ഷിച്ചത് 50 കിലോമീറ്ററിനപ്പുറം തിരുവല്ലയിൽ. കോട്ടയം മണിമല തൊട്ടിയില്‍ ഓമന സുരേന്ദ്രനാണ് (68) നദിയുടെ മാറില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തിരുവല്ലയ്ക്ക് സമീപം വള്ളക്കാരാണ് ഇവരെ രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ മുതലാണ് ഓമനയെ കാണാതായത്. ഇതു സംബന്ധിച്ച് മകൻ രാജേഷ് മണിമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നു ഫോണെത്തി, അമ്മ അവിടെയുണ്ട്.


വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ തിരുവല്ലയിലെ കുറ്റൂരിന് സമീപം മണിമല നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിന് അടുത്തുവെച്ചാണ് ഒരാള്‍ നദിയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തീരത്തെ മത്സ്യത്തൊഴിലാളികളും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഫയര്‍ഫോഴ്‌സും പോലീസും എത്തി. 10.25-ന് തിരുമൂലപുരം വെളിയം കടവിന് സമീപത്തുവെച്ച് മത്സ്യത്തൊഴിലാളി തിരുമൂലപുരം തയ്യില്‍ പള്ളത്ത് റെജിയും ബന്ധു ജോയ് വര്‍ഗീസും ചേര്‍ന്നാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്.


ബോധം തിരികെ കിട്ടിയപ്പോള്‍ ഓമനയാണ് ആശുപത്രി അധികൃതരെ സ്വന്തം വിലാസം അറിയിച്ചത്. വിവരം അറിഞ്ഞ് മകന്‍ രാജേഷ് കുമാര്‍ എത്തി അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ മണിമലയാറ്റിലെ കുറ്റിപ്പുറത്തു കടവില്‍ കുളിക്കാന്‍ പോയപ്പോള്‍ വീണു എന്നാണ് അമ്മ പറഞ്ഞതെന്ന് രാജേഷ്. ആറിന്റെ തീരത്താണ് വീട്. നന്നായി നീന്തല്‍ അറിയാവുന്ന ആളാണ് അമ്മ. എന്നും രാവിലെ ആറ്റില്‍ കുളിക്കാന്‍ പോകാറുണ്ട്. ആറ്റില്‍ മഴയത്തു പൊങ്ങിയ വെള്ളം ഇന്നലെ താഴ്ന്നിരുന്നു. തുണി കഴുകുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണു എന്നാണ് അമ്മ പറഞ്ഞത്. ആറ്റില്‍ കിടന്ന മുളയില്‍ തലയടിച്ചാണ് വീണത്. ഒഴുക്കില്‍പ്പെട്ടതോടെ ഈ മുളങ്കമ്പില്‍ പിടിച്ചു കിടന്നു. എത്രനേരമെന്നോ എത്ര ദൂരമെന്നോ ഒന്നും ഓര്‍മയില്ല.


താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഓമന അപകടനില തരണം ചെയ്തു. തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഡോ. പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ തിരുമൂലപുരം തയ്യില്‍ പള്ളത്ത് വര്‍ഗീസ് മത്തായി (റെജി) എന്ന ചെറുപ്പക്കാരനാണ് എം.സി.റോഡിന് പടിഞ്ഞാറ് വെളിയം കടവിന് സമീപത്തുവെച്ച് ഓമനയെ രക്ഷപ്പെടുത്തുന്നത്.


കുറ്റൂര്‍ വഞ്ചിമലയില്‍ വി.ആര്‍.രാജേഷാണ് ഓമന ഒഴുകിപ്പോകുന്നത് ആദ്യം കണ്ടത്. രാവിലെ ഒന്‍പതരയോടെ മണിമല റെയില്‍വേ പാലത്തിന് സമീപം നില്‍ക്കുകയായിരുന്ന രാജേഷും സുഹൃത്തുക്കളും വിവരം നദീതീരത്ത് വള്ളമുള്ളവരെയെല്ലാം അറിയിച്ചു. ഇരുവെള്ളിപ്പറ ചുങ്കത്തില്‍ ടിറ്റോ തോമസ്, കല്ലിടുക്കില്‍ എസ്.ആര്‍.ബിജു തുടങ്ങിയവര്‍ വിവിധയിടങ്ങളിലേക്ക് സന്ദേശം കൈമാറി. ഫയര്‍ഫോഴ്‌സും പോലീസും തിരച്ചിലിനെത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K