30 July, 2020 11:44:43 AM
കസ്റ്റഡിയില്‍ ഫാം ഉടമ മരിച്ച സംഭവം: വനപാലകര്‍ക്ക് ഗുരുതര വീഴ്ചയെന്ന്
പത്തനംതിട്ട: ചിറ്റാറില്‍ ഫാം ഉടമ വനപാലകരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഫാം ഉടമ മത്തായിയെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തപ്പോള്‍ എന്തിനാണ് കസ്റ്റഡിയെന്ന് വീട്ടുകാരെ അറിയിച്ചില്ല. വനംവകുപ്പ് ഓഫീസിലെ രജിസ്റ്ററില്‍ കസ്റ്റഡി വിവരം രേഖപ്പെടുത്തിയില്ല. കസ്റ്റി രേഖപ്പെടുത്താതെ മത്തായിയെ തെളിവെടുപ്പിന് എത്തിച്ചതും ചട്ടലംഘനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പ് വനത്തിനുള്ളില്‍ വച്ചിരുന്ന കാമറ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മത്തായിയെ കസ്റ്റഡിയിലെടുത്തത്. വനത്തിനു സമീപം മത്തായിക്ക് ഫാം ഉണ്ട്. മത്തായിയുടെ കൈവശം കള്ളത്തോക്ക് ഉണ്ടായിരുന്നുവെന്നും അത് കാമറയില്‍ പതിഞ്ഞതിനാലാണ് കാമറ മോഷ്ടിച്ചതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.
എന്നാല്‍ കാമറ മോഷണം പോയാല്‍ പോലീസില്‍ പരാതിപ്പെടുകയാണ് വേണ്ടത്. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് അല്ലാതെ മോഷണക്കുറ്റത്തിന് കേസെടുക്കാന്‍ വനംവകുപ്പിന് അധികാരമില്ലെന്നാണ് സൂചന. എന്നാല്‍ മത്തായി മരിച്ച ശേഷമാണ് പോലീസ് സ്‌റ്റേഷനില്‍ മോഷണക്കുറ്റം രജിസ്റ്റര്‍ ചെയ്യുന്നതും തിടുക്കപ്പെട്ട് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചതും.
അതേസമയം, വീട്ടില്‍ നിന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മത്തായിയെ കൂട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ ഷീബ പറയുന്നു. കൂടെ ഒരു ഇടനിലക്കാരനുമുണ്ടായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 75,000 രൂപ ആവശ്യപ്പെട്ടിരുന്നു. അതു നല്‍കാത്തതിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ചൊവ്വാഴ്ച വൈകിട്ടാണ് മണിയാര്‍ അരീക്കക്കാവ് പടിഞ്ഞാറെ ചരുവില്‍ സി.പി മത്തായി (പൊന്നു-41) വനത്തോട് ചേര്‍ന്നുള്ള സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാര്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായതിനു ശേഷമാണ് കിണറ്റില്‍ നിന്നും മൃതദേഹമെടുക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്. ബുധനാഴ് ച പുലര്‍ച്ചെയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
കൈക്കൂലിക്ക് വേണ്ടിയുള്ള തര്‍ക്കത്തിനിടെ പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥര്‍ തന്നെ മത്തായിയെ അപായപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തന്റെ ഭര്‍ത്താവിനെ വനപാലകര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷീബ മാധ്യമങ്ങളോട് പറഞ്ഞത്. പോലീസിന് നല്‍കിയ മൊഴിയിലും ദുരൂഹത സൂചിപ്പിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് മത്തായിയെ അരീക്കക്കാവിലെ വീട്ടില്‍ നിന്നും എട്ടംഗ വനപാലക സംഘം കസ്റ്റഡിയില്‍ എടുത്തതെന്ന് ഷീബ പറയുന്നു. ആറരയോടെയാണ് കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേര്‍ന്ന കിണറ്റില്‍ മത്തായിയുടെ മൃതദേഹം കണ്ടത്. വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ചാണ് മത്തായിയെ കൊണ്ടു പോയത്. തടയാന്‍ ശ്രമിച്ച മാതാവ് പൊടിയമ്മയെയും തള്ളി മാറ്റി. ഇതിന് പിന്നാലെ ഷീബയും അവരുടെ വീടിന്റെ ഒന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിബിന്‍, ഭാര്യ സ്വാതി, അയല്‍വാസി ശ്രീജ എന്നിവര്‍ ചേര്‍ന്ന് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോയി. പോകുന്ന വഴിക്ക് ഷിബിന്റെ ഫോണിലേക്ക് പെരുനാട് കോട്ടുപാറ സ്വദേശി അരുണിന്റെ ഫോണില്‍ നിന്ന് ഒരു വിളിയെത്തി.
തങ്ങള്‍ കുടപ്പനയിലെ മത്തായിയുടെ കുടുംബ വീട്ടിലേക്ക് പോവുകയാണെന്നും രണ്ടു ജാമ്യക്കാരുമായി ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വരാനുമാണ് അരുണ്‍ പറഞ്ഞത്. ഇതനുസരിച്ച് ഷീബയും കൂട്ടരും ചിറ്റാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം എത്തിയപ്പോള്‍ വീണ്ടും അരുണിന്റെ ഫോണില്‍ നിന്ന് വിളി വന്നു. ഒരു സാറിന്റെ കൈയില്‍ കൊടുക്കാമെന്ന് പറഞ്ഞ് അരുണ്‍ മറ്റാര്‍ക്കോ ഫോണ്‍ കൈമാറി. മത്തായി കാട്ടില്‍ പോയി വെടിവച്ച് ഇറച്ചി കൊണ്ടു വരാറുണ്ടോ? നിനക്ക് തരാറുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യം.
കേസാക്കാതിരിക്കാന്‍ വേണ്ടി 75,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷം ഫോണ്‍ മത്തായിക്ക് കൈമാറി. നിങ്ങള്‍ ചിറ്റാറില്‍ നില്‍ക്കു. ഞങ്ങള്‍ അങ്ങോട്ട് വരാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വനപാലക സംഘത്തെ കാത്ത് ഒരു മണിക്കൂര്‍ ചിറ്റാറില്‍ നിന്നിട്ടും എത്തിയില്ല. ഇതിനിടെ മത്തായിയുടെ സഹോദരന്‍ രാജു വിളിച്ച് നേരെ കുടുംബ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. അവന്‍ എന്തോ അബദ്ധം കാണിച്ചുവെന്നും പറഞ്ഞു. ഇതിന്‍ പ്രകാരം കുടുംബവീട്ടില്‍ എത്തുമ്പോള്‍ മൃതദേഹം കിണറ്റില്‍ കിടക്കുന്നതാണ് കണ്ടതെന്നും ഷീബ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്