29 July, 2020 12:24:51 PM
ഭർത്താവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്; വനംവകുപ്പിനെതിരെ മത്തായിയുടെ ഭാര്യ
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി മരിച്ച മത്തായിയുടെ ഭാര്യ. മത്തായിയെ വനപാലകർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ ഉദ്യോഗസ്ഥർ 75,000 രൂപ ആവശ്യപ്പെട്ടുവെന്നും എന്നാൽ കേസ് എന്താണെന്ന് അറിയില്ലെന്നും ഷീബ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെയാണ് കാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാര്‍ കുടപ്പനപടിഞ്ഞാറ്റേതില് ടി.ടി. മത്തായിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിൽ വീണതാണെന്നാണ് സംഭവത്തിൽ വനം വകുപ്പ് നൽകുന്ന വിശദീകരണം.
സംഭവത്തിന് ശേഷം കുറേ സമയം കഴിഞ്ഞാണ് മത്തായി കിണറ്റിൽ വീണുവെന്ന് വനംവകുപ്പ് പ്രദേശവാസികളോടു പറയുന്നത്. തുടർന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ ഇവിടെ നിന്നും വാഹനം ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു.
പിന്നീട് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കാൻ വന്ന അഗ്നിശമനസേനയെയും നാട്ടുകാർ തടഞ്ഞു. തുടർന്ന് സ്ഥലം എംഎൽഎയും ഡിവൈഎസ്പിയും സ്ഥലത്തെത്തി. കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്ന ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ ശാന്തരായത്.