05 June, 2020 12:49:09 PM
'പരിസിഥിതിദിനത്തില്‍ നട്ട മരങ്ങള്‍ വളരുന്നത് കാണാന്‍ എന്ത് ഭംഗി! വളരുന്നത് ആരൊക്കെ?' - ജേക്കബ് തോമസ്
തിരുവനന്തപുരം: ലോകപരിസ്ഥിതിദിനത്തില്‍ സര്‍ക്കാരിനെതിരെ വാളോങ്ങി റിട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്. ഇടതുമുന്നണി സര്‍ക്കാരിന്‍റെ തുടക്കത്തില്‍ മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനും പിന്നീട് സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്ന ജേക്കബ് തോമസ് കഴിഞ്ഞ 31നാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഇതിനു ശേഷം ആദ്യമായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സര്‍ക്കാരിനെതിരെ പ്രതികരിച്ചത് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന 'പണനശീകരണം' ചൂണ്ടികാട്ടിയാണ്.
75 കോടിയോളം രൂപ ചിലവിട്ട് 2010 മുതല്‍ പരിസിഥിതിദിനത്തില്‍ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാന്‍ എന്ത് ഭംഗി! എന്നാണ് ജേക്കബ് തോമസ് തന്‍റെ പേജില്‍ കുറിച്ചിരിക്കുന്ന ആദ്യവാചകം തന്നെ. വൃക്ഷതൈകള്‍ നന്നായി വളരട്ടെ എന്ന 'ആശംസ'യോടൊപ്പം ആരൊക്കെയാണ് വളരുന്നതെന്ന ചോദ്യവും. ഏതാനും വരികളില്‍ മാത്രം എഴുതിയിരിക്കുന്ന അദ്ദേഹത്തിന്‍റെ സന്ദേശം ശരിക്കും മലയാളികളെ ചിന്തിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.
കോവിഡും പ്രളയവും നാടിന്‍റെ സാമ്പത്തിക അടിത്തറ മാന്തിയെന്ന് പറയുമ്പോള്‍ തന്നെ കോടികള്‍ ചെലവഴിച്ച് നടത്തുന്ന വൃക്ഷതൈ വിതരണവും മരം വെച്ചുപിടിപ്പിക്കലും ഒക്കെ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നത് മറ്റൊരു വശമാണ്. 2010 മുതല്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ എത്രയെണ്ണം നമ്മുടെ കണ്‍മുന്നിലുണ്ട് എന്നതും ജേക്കബ് തോമസ് ചൂണ്ടികാട്ടുംപോലെ മലയാളികള്‍ക്ക് മുന്നിലെ ചോദ്യമാണ്. ജേക്കബ് തോമസിന്‍റെ സന്ദേശം ഇങ്ങനെ.
"ലോകപരിസ്ഥിതിദിനം: ജൂണ്‍ 5.
75 കോടിയോളം രൂപ ചിലവിട്ട് 2010 മുതല്‍ പരിസിഥിതിദിനത്തില്‍ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാന്‍ എന്ത് ഭംഗി! 2017-ല്‍ നട്ട ഒരു കോടി വൃക്ഷതൈകള്‍ നന്നായി വളരട്ടെ! ...... വളരുന്നത് ആരൊക്കെ?
- ജേക്കബ് തോമസ്."