02 June, 2020 01:43:15 PM


ഓൺലൈൻ ക്ലാസ്: അധ്യാപകരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; കർശന നടപടിയെന്ന് പൊലീസ്



തിരുവനന്തപുരം: ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം ചില സാമൂഹ്യ വിരുദ്ധരുടെ നടപടികൾ സൈബർ വിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുകൾ സൃഷ്ടിക്കുകയും അശ്ലീല ചുവയുള്ള കമന്റുകളും പ്രയോഗങ്ങളും ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 



പൊലീസിന്‍റെ ഈ മുന്നറിയിപ്പ് പുറത്തുവന്നത് കോഴിക്കോട്ടുക്കാരി സായി ശ്വേത ടീച്ചര്‍  സോഷ്യല്‍മീഡിയയില്‍ താരമായ പിന്നാലെ. ശ്വേത ടീച്ചർക്ക് ട്രോളുകൾ കിട്ടിയെങ്കിലും അതിലും വലിയ ആക്രമണം നേരിടേണ്ടി വന്നത് പ്ലസ് ടുക്കാർക്ക് ഇംഗ്ലീഷ് ക്ലാസ് എടുത്ത  അദ്ധ്യാപികക്ക്. നീല നിറത്തിലെ സാരിയണിഞ്ഞ ടീച്ചറെ 'ബ്ലൂ ടീച്ചർ' ആക്കി സോഷ്യൽ മീഡിയയിൽ ഫേക്ക് അക്കൗണ്ടുകളുടെ പൂരമാണ്. പ്രമുഖ സമൂഹ മാധ്യമങ്ങളിലെല്ലാം ഒറ്റ ദിവസം കൊണ്ട് 'ബ്ലൂ ടീച്ചർ' അക്കൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു. ഈ അക്കൗണ്ടുകൾക്കെതിരെ കടുത്ത വിമർശനമാണ് കലാ സാംസ്കാരിക മേഖലയിൽ നിന്നുമുള്ളവർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ അവസ്ഥായാണോ ഇതെന്ന് ചോദിക്കാതിരിക്കാനാവുന്നില്ല പലർക്കും.


''ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്ലാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.''- കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി.


ആരവങ്ങളും പ്രവേശനോത്സവവും ഒന്നുമില്ലാതെ ഇത്തവണ സംസ്ഥാനത്തെ സ്‌കൂള്‍ വര്‍ഷം അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി തുടങ്ങിയപ്പോള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെയും കേരളക്കരയെ ഒന്നടങ്കവും കയ്യിലെടുത്ത കോഴിക്കോട്ടുക്കാരി സായി ശ്വേത ടീച്ചര്‍ സോഷ്യല്‍മീഡിയയില്‍ താരമായത് വളരെ പെട്ടെന്നായിരുന്നു. അതെ സമയം ട്രോളന്‍മാരുടെ ട്രോളുകളോട് ടീച്ചര്‍ ഫേസ്ബുക്ക് വഴി നന്ദി അറിയിച്ചിട്ടുണ്ട്. വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ടീച്ചറുടെ പൂച്ച കഥയാണ് ആദ്യ ദിവസം തന്നെ വൈറലായത്. ഒന്നാം ക്ലാസിലെ പിള്ളേരെ കൂടാതെ ട്രോളന്‍മാരും ടീച്ചറുടെ ക്ലാസിലിരുന്നതാണ് പണി പറ്റിച്ചത്. തങ്കു പൂച്ചയുടെ കഥാ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. കഴിഞ്ഞ വര്‍ഷം അധ്യാപികയായി ജോലിക്ക് കയറിയ ടീച്ചര്‍ ആദ്യമായാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്. മുന്‍പ് രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു സ്‌കൂളില്‍ ക്ലാസെടുത്തിരുന്നത്. 


കോഴിക്കോട് ജില്ലയിലെ മുതുവട്ടൂര്‍ വി.വി എല്‍പി സ്‌കൂളിലെ അധ്യാപികയായ സായി ശ്വേതയെ ഒന്നാം ദിവസം ഒന്നാം ക്ലാസുകാരുടെ അധ്യാപികയായി ചുമതലയേല്‍പ്പിച്ചത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. സായി ശ്വേത മുന്‍പ് അധ്യാപകരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ തന്റെ പൂച്ച കഥ വീഡിയോയായി ചെയ്തിരുന്നു. അധ്യാപക കൂട്ടമെന്ന ബ്ലോഗില്‍ അത് പിന്നീട് പങ്കുവെക്കുകയും ചെയ്തു. ഇത് കണ്ട എസ്.സി.ആര്‍.ടി ഉദ്യോഗസ്ഥരാണ് ക്ലാസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇത് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതില്‍ എത്തിച്ചു. വിക്ടേഴ്‌സില്‍ അധ്യാപികയാകും മുന്‍പേ ഡാന്‍സ് കലാകാരിയും ടിക് ടോക്കിലെ താരം കൂടിയായി പേരിടുത്തിട്ടുണ്ട് സായി. ആഴ്ച്ചയില്‍ രണ്ട് ദിവസം ക്ലാസുകളുമായി ഇനിയും കുട്ടികള്‍ക്കിടയില്‍ കുട്ടികളുടെ സ്വന്തം സായി ടീച്ചറുണ്ടാകും.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K