14 May, 2020 08:57:21 PM


മരം മുറിച്ചു കടത്ത്: വാച്ചര്‍ അറസ്റ്റില്‍; വാഹനവും തടിയും പിടിച്ചെടുത്തു



പത്തനംതിട്ട: കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയിഞ്ചില്‍ പാടം, കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് കൊക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് താമസിക്കുന്ന ഷമീര്‍ തടി കടത്താന്‍ ഉപയോഗിച്ച കെഎല്‍-03-എസി-1571 മഹീന്ദ്ര പിക്കപ്പ് ജീപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. അന്വേഷണത്തില്‍ കൊല്ലം ചന്ദനത്തോപ്പ് ഭാഗത്ത് തടി മില്ലില്‍ നിന്നും നഷ്ടപ്പെട്ട അഞ്ചു ക്യുബിക് മീറ്ററോളം തടികളില്‍ നാല് ക്യുബിക് മീറ്ററോളം തടി പിടിച്ചെടുത്തു. 


രണ്ടു മരങ്ങളില്‍ നിന്നുളള ഒരു ക്യുബിക് മീറ്ററോളം തടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഫയര്‍ സീസണില്‍ വനം വകുപ്പിന്‍റെ വാച്ചറായി പ്രവര്‍ത്തിച്ചിരുന്ന വയക്കര ഒരേക്കര്‍ ഭാഗത്ത് മധുവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് മാര്‍ച്ച് 24-ന് തന്നെ കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 20 അംഗങ്ങള്‍ ഉളള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേസ് അന്വേഷണത്തിന് പോലീസ് വകുപ്പില്‍ നിന്നുളള സഹായവും ലഭ്യമാക്കിയിരുന്നു.


പ്രധാന പ്രതിയെ ഈ മാസം 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് വന്നതിനാലാണ് കൂടുതല്‍ നടപടികള്‍ ഉണ്ടാകാത്തത്. മേയ് ആറ്, ഏഴ് തീയതികളില്‍ വനം വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കേസുകളുടെ വിശദാംശങ്ങള്‍ കോന്നിയില്‍ എത്തി അവലോകനം ചെയ്യുകയും രണ്ട് ആഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല.


അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ തടസപ്പെടുത്തുന്ന തരത്തില്‍ മന്ത്രിയുടെ ഓഫീസോ, ജനപ്രതിനിധികളോ, സര്‍വീസ് സംഘടനാ ഭാരവാഹികളോ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ല. കേസ് അന്വേഷണം വേഗം പൂര്‍ത്തിയാക്കി ബാക്കി പ്രതികളേയും, തൊണ്ടിയും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിവു ലഭിക്കുന്ന പക്ഷം  കര്‍ശനമായ അച്ചടക്ക നടപടിയും, വനം നിയമപ്രകാരമുളള നടപടിയും സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. 


കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയിഞ്ചില്‍ പാടം, കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷനുകളില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരത്തുളള തേക്കു തോട്ടങ്ങളില്‍ നിന്നായി നാല് തേക്ക് മരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കടത്തിയതിന് ഈ വര്‍ഷം മാര്‍ച്ച് അവസാനം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഊര്‍ജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു. അന്വേഷണം തുടര്‍ന്നു വരവെ, പാടം സ്റ്റേഷന്‍ പരിധിയില്‍ രണ്ടു മരങ്ങള്‍ കൂടി മുറിച്ച് അതില്‍ ഒരെണ്ണം കടത്തിക്കൊണ്ടു പോയതായും, കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മറ്റ് രണ്ട് മരങ്ങളില്‍നിന്നും തടി മുറിച്ചു കടത്തിയതായും കണ്ടെത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K