13 May, 2020 07:23:31 PM
റാന്നി വടശേരിക്കരയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ: പുറത്തിറങ്ങരുതെന്ന് പോലീസ്
പത്തനംനംതിട്ട: റാന്നി വടശേരിക്കരയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു. പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിലാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. കുറ്റിക്കാടുകൾ നിറഞ്ഞ പാറക്കെട്ടിനടുത്ത് സമീപവാസിയായ ചേന്നാട്ടു മലയിൽ ജോയിയാണ് ബുധനാഴ്ച രാവിലെ 6.45-ന് കടുവയെ കണ്ടത്. ഇടവഴി കടന്നു തുറസായ പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്നു കടുവ. ജോയിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ കടുവ മുന്നോട്ടുതന്നെ പോയി.
അയൽവാസികളായ ബിനു, രാഹുൽ, സുരേഷ് എന്നിവരോടൊപ്പം വീണ്ടും പോയി നോക്കിയപ്പോൾ പാറയുടെ വശംചേർന്ന് കടുവ കിടക്കുന്നതായി കണ്ടു. ഇവരെകണ്ട ഉടനെ കടുവ കാട്ടിലേക്ക് ഓടി. ചൊവ്വാഴ്ച രാത്രി 10.30 ന് വീട്ടുമുറ്റത്ത് ഫോണ് ചെയ്യുന്പോൾ എന്തോ വീഴുന്ന ശബ്ദം കേട്ടതായും ഒരു ജീവി കയറി പോകുന്നതായി തോന്നിയിരുന്നെന്നും ബിനു പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് മൃഗഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കാടുപിടിച്ചുകിടക്കുന്ന പാറകെട്ടും പാറമടയും സമീപത്തെ കാടുപിടിച്ച് കിടക്കുന്ന റബർ തോട്ടങ്ങളുമുള്ളതിനാൽ കടുവയെ കണ്ടുപിടിക്കുന്നതിനു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ സമീപമുള്ള വട്ടപ്പാറ തങ്കച്ചന്റെ പുരയിടത്തിൽനിന്ന പശുവിന്റെ പുറത്ത് കടുവ മാന്തിയതായും സംശയമുണ്ട്. നൂറുകണക്കിനു വീടുകളുള്ള പ്രദേശത്തു കടുവയെ കണ്ടതു പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. വൈകുന്നേരം വീടിനു പുറത്ത് ഇറങ്ങാതിരിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പോലീസ് നൽകി. കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്തുനിന്നു മൂന്നു കിലോമീറ്റർ മാറിയാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്