12 May, 2020 08:18:30 PM
പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചത് അബുദാബിയിൽ നിന്നെത്തിയ 69 കാരിക്ക്
പത്തനംതിട്ട: ജില്ലയില്‍ പുതുതായി ഒരു കോവിഡ് കേസ് കണ്ടെത്തി. അബുദാബിയില്‍ നിന്നും മേയ് 9ന് തിരിച്ചെത്തിയ 69 വയസുകാരിക്കാണ് കോവിഡ് പോസിറ്റീവായത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 11 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ന് പുതിയതായി അഞ്ചുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാലുപേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഏഴുപേരും ഐസൊലേഷനിലുള്ളത്. രോഗബാധ പൂര്‍ണ്ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 191 പേരെ ഇതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ആകെ 1191 പേര്‍ നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1088 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 98 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 162 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 9 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 51 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 256 പേരെ താമസിപ്പിച്ചിട്ടുണ്ട്.